പ്രീമിയർ ലീഗിൽ താൻ കിരീടം നേടി കൊടുത്ത ലെസ്റ്റർ സിറ്റിയുടെ കിംഗ് പവറിലേക്കുള്ള മടങ്ങി വരവിൽ ക്ലൗഡിയോ റാനിയേരിയുടെ വാട്ഫോർഡിനു പരാജയം. കനത്ത മഞ്ഞു വീഴ്ചയിൽ പലപ്പോഴും താരങ്ങൾക്ക് പന്ത് കാണാൻ പോലും സാധിക്കുന്നില്ലായിരുന്നു. എങ്കിലും 6 ഗോളുകൾ ആണ് മത്സരത്തിൽ പിറന്നത്. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും ലെസ്റ്റർ ആണ് ലേശം മുന്നിട്ട് നിന്നത്. 16 മത്തെ മിനിറ്റിൽ ലെസ്റ്റർ മത്സരത്തിൽ മുന്നിലെത്തി. ജോണി ഇവാൻസിന്റെ പാസിൽ നിന്നു ജെയിംസ് മാഡിസൺ ആണ് വോളിയിലൂടെ അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ 30 മത്തെ മിനിറ്റിൽ ഡെന്നിസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോഷുവ കിംഗ് വാട്ഫോർഡിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
എന്നാൽ നാലു മിനിറ്റിനുള്ളിൽ ലെസ്റ്റർ തങ്ങളുടെ മുൻതൂക്കം തിരിച്ചു പിടിച്ചു. മാഡിസന്റെ പാസിൽ നിന്നായിരുന്നു വാർഡിയുടെ ഗോൾ. തുടർന്ന് ആറു മിനിറ്റിനുള്ളിൽ മാഡിസന്റെ തന്നെ കോർണറിൽ നിന്നു ഹെഡറിലൂടെ ലക്ഷ്യം കണ്ട വാർഡി ആദ്യ പകുതിയിൽ ലെസ്റ്ററിനെ ശക്തമായ നിലയിൽ ഏത്തിച്ചു. മഞ്ഞു വീഴ്ച പ്രതിരോധ താരങ്ങൾക്ക് വലിയ തലവേദന ആണ് നൽകിയത്. ഇതിന്റെ ഫലം ആയിരുന്നു 61 മത്തെ മിനിറ്റിൽ ഡെന്നിസ് നേടിയ ഗോൾ. ലെസ്റ്റർ പ്രതിരോധത്തിൽ നിന്നു തട്ടിയെടുത്ത പന്ത് ഡെന്നിസ് അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ ഏഴു മിനിറ്റിനുള്ളിൽ ഗോൾ കണ്ടത്തിയ ലുക്മാൻ ലെസ്റ്റർ സിറ്റി ജയം ഉറപ്പിക്കുക ആയിരുന്നു. തന്റെ പ്രിയപ്പെട്ട കിംഗ് പവറിലേക്കുള്ള മടങ്ങി വരവിൽ റാനിയേരിക്ക് പരാജയം തന്നെ രുചിക്കേണ്ടി വന്നു. ജയത്തോടെ ലെസ്റ്റർ ലീഗിൻ ഒമ്പതാം സ്ഥാനത്തേക്ക് കയറി.