കരുത്തരായ വോൾവ്സിനെതിരെ ആദ്യമത്സരത്തിൽ സമനില വഴങ്ങിയ ശേഷം കഴിഞ്ഞ കളിയിൽ വമ്പന്മാരായ ചെൽസിയെ അവരുടെ മൈതാനത്ത് സമനിലയിൽ കുരുകിയ ആത്മവിശ്വാസവുമായി ആവും ബ്രണ്ടൻ റോജേഴ്സിന്റെ ലെസ്റ്റർ സിറ്റി ഷെഫീൾഡ് യുണൈറ്റഡിനെ നേരിടാൻ ഇറങ്ങുക. ചെൽസിക്കെതിരായ രണ്ടാം പകുതിയിലെ പ്രകടനം അവർ ആവർത്തിച്ചാൽ ഷെഫീൾഡിനു അവരെ പിടിച്ചു കെട്ടുക അത്ര എളുപ്പമാവില്ല. മുന്നേറ്റത്തിൽ വാർടിക്കൊപ്പം അയോസെ പെരെസ് കൂടി ചേർന്നപ്പോൾ ശക്തമായ മുന്നേറ്റം ഷെഫീൾഡിനു ബുദ്ധിമുട്ട് ഉണ്ടാക്കും എന്നുറപ്പാണ്. ഒപ്പം മാഡിസൻ, തിലമെൻസ്, എന്റിഡി എന്നിര്ക്കൊപ്പം യുവതാരം ചൗധരി കൂടി ഉൾപ്പെടുന്ന മധ്യനിര ഷെഫീൾഡിനെതിരെ കളി ഭരിക്കും എന്നുറപ്പാണ്. എന്നാൽ പ്രതിരോധത്തിൽ ചിൽവെല്ലിന്റെ പരിക്ക് ലെസ്റ്ററിന് ചെറിയ ആശങ്ക നൽകുന്നുണ്ട്. എന്നാൽ പെരേരയും ജോണി ഇവാൻസ് സുയാച്ചു തുടങ്ങി പരിച്ചയാസമ്പന്നരും യുവത്വവും അണിനിരക്കുന്ന പ്രതിരോധം ശക്തമാണ്. എന്നാൽ ബ്രിട്ടീഷ്, ഐറിഷ് താരങ്ങളെ മാത്രം ആദ്യ പതിനൊന്നിൽ ഇറക്കി കഴിഞ്ഞ 2 കളികളും കളിച്ച ഷെഫീൾഡ് തങ്ങളുടെ പോരാട്ടവീര്യം കഴിഞ്ഞ മത്സരത്തിലെ ജയത്തോടെ തെളിയിച്ചതാണ്. 1976 നു ശേഷം ആദ്യമായാണ് ടോപ്പ് ടിയറിൽ ഇരു ടീമുകളും കണ്ട് മുട്ടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ സ്റ്റേഡിയം ആയ ഷെഫീൾഡിന്റെ ബ്രാമൾ ലൈനിൽ ആണ് ഈ മത്സരം നടക്കുക.
പ്രീമിയർ ലീഗിൽ തുടർച്ചയായ എട്ടാമത്തെ പരാജയം തടയാൻ ആവും സൗത്താംപ്ടൻ ഇന്ന് ബ്രൈറ്റനു എതിരെ ഇറങ്ങുക. സീസണിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ അവർക്ക് ഇന്നത്തെ മത്സരം ജയിക്കേണ്ടതുണ്ട്. കഴിഞ്ഞ കളിയിൽ ലിവർപൂളിനെതിരെ നന്നായി കളിച്ചെങ്കിലും കിട്ടിയ വലിയ അവസരങ്ങൾ പാഴാക്കിയ അവരെ അലട്ടുന്ന പ്രധാനപ്രശ്നവും അതാണ്. എന്നാൽ മുന്നേറ്റത്തിൽ ഇങ്ക്സിന്റെ സാന്നിധ്യം ഈ കുറവ് പരിഹരിക്കും എന്ന പ്രതീക്ഷയാണ് സൗത്താംപ്ടനു. മധ്യനിരയിൽ വാർഡ് പ്രൗസ്, റൊമെയോ, ലേമെന തുടങ്ങിയവർ നിർണായകമാകുമ്പോൾ പ്രതിരോധത്തിൽ ബെർട്രാൻറ്, യോഷിദ, വെസ്റ്റ്ഗാർഡ് തുടങ്ങിയവർ ഇറങ്ങും. മറുവശത്ത് മികച്ച തുടക്കമാണ് ബ്രൈറ്റനു ലഭിച്ചത്. 2 കളിയിൽ ഒരു ജയവും ഒരു സമനിലയും നേടിയ അവർ പക്ഷെ ഇതുവരെ 3 പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവിയറിയാതെ തുടങ്ങിയിട്ടില്ല. കഴിഞ്ഞ 13 മത്സരങ്ങളിൽ ഒന്നിൽ കൂടുതൽ ഗോൾ നേടാൻ ആവാത്ത അവർക്ക് ഗോൾ അടിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എന്നാൽ സൗത്താംപ്ടനു എതിരെ മികച്ച റെക്കോർഡ് ഉണ്ട് ബ്രൈറ്റൻ മുന്നേറ്റനിര താരം ഗ്ലെൻ മുറെക്ക്. ഒപ്പം കൂട്ടായി അന്റോനെയും, ലോകാർഡിയയും ഉണ്ട്. മധ്യനിരയിൽ പാസ്‌കൽ ഗ്രോസ് കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ ട്രൊസാർഡ്, മാർച്ച്, പ്രോപ്പർ, മൂയി എന്നിവരും ഉണ്ട്. പ്രതിരോധത്തിൽ എന്നത്തേയും പോലെ ഡങ്ക്, ഡെഫി സഖ്യമാവും ഇറങ്ങുക. മുമ്പ് കളിച്ച തന്റെ പഴയ ക്ലബിന് എതിരെ പരിശീലകൻ ആയ ശേഷമുള്ള ആദ്യ മത്സരം ആണ് ബ്രൈറ്റൻ പരിശീലകൻ ഗ്രഹാം പൊട്ടർക്ക് ഇത്. ബ്രൈറ്റന്റെ അമക്‌സ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക. രാത്രി ഇന്ത്യൻ സമയം 7.30 തിന് നടക്കുന്ന ഇരുമത്സരങ്ങളും ഹോട്ട്സ്റ്റാറിൽ തത്സമയം കാണാം.