ട്രാസ്ഫർ മാർക്കറ്റിൽ വലിയ പണം മുടക്കിയ എവർട്ടൺ സ്വന്തം കാണികൾക്ക് മുന്നിൽ ജയിച്ച് തുടങ്ങാൻ വാട്ട്ഫോർഡിനെതിരെ ഇറങ്ങുമ്പോൾ പരിശീലകൻ മാർക്കോസ് സിൽവക്കു മത്സരം തന്റെ പഴയ ക്ലബിനെതിരെ. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് ഗോൾരഹിത സമനില വഴങ്ങിയ എവർട്ടൺ ജയത്തിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ ആദ്യ മത്സരത്തിൽ ബ്രൈറ്റനെതിരെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോറ്റ വാട്ട്ഫോർഡിനു മറ്റൊരു തോൽവി വലിയ തിരിച്ചടിയാവും. കഴിഞ്ഞ സീസണിലെ അവസാനമത്സരങ്ങളിലെ മോശം ഫോമിൽ നിന്നു കരകയറാൻ ആവും ജാവി ഗാർസിയയുടെ ശ്രമം.കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട സിഗൂർഡ്സന്റെ അഭാവം എവർട്ടനു തിരിച്ചടിയായേക്കും. എന്നാൽ മികച്ച പ്രതിരോധം കൂട്ടിനുള്ള അവർക്ക് റിച്ചാർലിസന്റെ മുന്നേറ്റത്തിലെ മികവ് നിർണായകമാവും. ഒപ്പം റെക്കോർഡ് തുകക്ക് ടീമിലെത്തിയ അലക്‌സ് ഇയോബി എവർട്ടനായി അരങ്ങേറുമോ എന്നതാവും ആരാധകർ ഉറ്റുനോക്കുന്ന വലിയ കാര്യം. ട്രോയി ഡീനി, ഡുഫലോ, ടിക്കൂറെ തുടങ്ങിയ മികച്ച താരങ്ങൾ ഉള്ള വാട്ട്ഫോർഡ് ഗുഡിസൻ പാർക്കിൽ തങ്ങളുടെ ആദ്യ പോയിന്റ് ആവും ലക്ഷ്യമിടുക.
ടോട്ടനത്തോട് 3-1 നു തോറ്റെങ്കിലും തുടക്കത്തിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തോടെയാവും പ്രീമിയർ ലീഗിലെ തിരിച്ചു വരവിലുള്ള തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ആസ്റ്റൻ വില്ല വില്ല പാർക്കിൽ ഇറങ്ങുക. കളിച്ച 19 പ്രീമിയർ ലീഗ് മത്സരങ്ങളും തോറ്റു എന്ന അപൂർവമായ റെക്കോർഡ് സൂക്ഷിക്കുന്ന ജാക്ക് ഗ്രീലിഷ് തന്റെ ആദ്യ പ്രീമിയർ ലീഗ് ജയം കുറിക്കാൻ ആവും വില്ലയെ മത്സരത്തിൽ നയിക്കുക. ഗ്രീലിഷിനൊപ്പം കഴിഞ്ഞ മത്സരത്തിൽ മികവ് കാണിച്ച മക്ലിൻ അടക്കമുള്ള താരങ്ങളും വില്ല മുന്നേറ്റത്തിൽ നിർണായകം ആകും. ആദ്യമത്സരത്തിൽ ഷെഫീൾഡിനോട് അവസാന നിമിഷങ്ങളിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങിയ ബോർൺമൗത്തും തങ്ങളുടെ ആദ്യജയം ആവും ഈ മത്സരത്തിൽ ലക്ഷ്യമിടുക. കഴിഞ്ഞ വർഷങ്ങളായി പ്രീമിയർ ലീഗിൽ തുടരുന്ന മികച്ച പ്രകടങ്ങൾ ആവർത്തിക്കാൻ ആവും എഡി ഹൗവിന്റെ ടീമിന്റെ ശ്രമം. ആകെ അടക്കമുള്ളവർ പ്രതിരോധത്തിലും കിംഗ്, വിൽസൻ, ഫ്രേസർ തുടങ്ങിയവർ മധ്യനിരയിലും മുന്നേറ്റത്തിലും അണിനിരക്കുന്ന ബോർൺമൗത്ത് വില്ലക്ക് കടുത്ത വെല്ലുവിളി തന്നെയാണ് ഉയർത്തുക. ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമയം 7.30 നാണ് രണ്ട് മത്സരങ്ങളും, മത്സരങ്ങൾ ഹോട്ട്സ്റ്റാറിൽ തത്സമയം കാണാൻ സാധിക്കും.