Local Sports News in Malayalam

തുടർച്ചയായ പത്താം മത്സരത്തിലും ഗോൾ, ഓൾഡ് ട്രാഫോർഡിൽ ഹാട്രിക്! ഫുട്‌ബോൾ ഭരിക്കുന്ന മിസ്റിലെ രാജാവ്!

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരം ആരാണ് എന്ന ചോദ്യത്തിന് ഓരോ മത്സരങ്ങളിലും ഉത്തരം പറയുക ആണ് ഈജിപ്തിലെ രാജാവ് മുഹമ്മദ് സലാഹ്. മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരായ ലിവർപൂളിന്റെ 5-0 ന്റെ വലിയ ജയത്തിൽ ഓൾഡ് ട്രാഫോർഡിൽ ഇന്ന് ഹാട്രിക് ഗോളുകൾ നേടിയ സലാഹ് ഒരു ഗോളിന് അവസരവും ഒരുക്കി. ലിവർപൂളിനായി തുടർച്ചയായ പത്ത് മത്സരങ്ങളിൽ ഗോൾ കണ്ടത്തി അത്തരത്തിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് നേടി സലാഹ്. ഒപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ആദ്യമായി ഹാട്രിക് ഗോളുകൾ നേടുന്ന എതിർ താരവും ആയി സലാഹ്. ഇന്ന് ചിലപ്പോൾ സലാഹ് നടത്തിയ പ്രകടനം ബാഴ്‌സലോണയിൽ മെസ്സി ഒക്കെ മുമ്പ് നടത്തിയ സ്വപ്നപ്രകടനത്തിന് സമം ആയിരിക്കണം. അയ്യാൾ പന്ത് തൊട്ടപ്പോൾ ഒക്കെ യുണൈറ്റഡ് കളി മറന്നു, ചിലപ്പോൾ യുണൈറ്റഡ് ആരാധകർ പോലും ഇന്ന് അയാളുടെ കളി ആസ്വദിച്ചു കാണണം, അത്രക്ക് അത്രക്ക് ആധികാരികം ആയിരുന്നു അത്. ഒരൊറ്റ സീസൺ വിസ്മയം എന്നു പരിഹസിച്ചവർക്ക് നേരെ തന്റെ പ്രകടനങ്ങൾ കൊണ്ടു ചിരിച്ചു മറുപടി പറയുന്ന സലാഹ് ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇത് വരെ ഒമ്പത് കളികളിൽ നിന്നു 10 ഗോളുകളും 5 അസിസ്റ്റുകളും ആണ് നേടിയത്. ഒപ്പം അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ ഗോളും വാട്ഫോർഡിനു എതിരായ ഗോളും അടക്കം അനവധി തനിക്ക് മാത്രം സാധിക്കുന്ന മാന്ത്രിക നിമിഷങ്ങൾ ആണ് സലാഹ് ഇതിനകം സമ്മാനിച്ചത്.Fb Img 1635107031206

പ്രീമിയർ ലീഗ് ഭരിക്കുന്ന സലാഹ് ചാമ്പ്യൻസ് ലീഗിലും ഇത് വരെ അതുഗ്രൻ പ്രകടനം ആണ് പുറത്ത് എടുത്തത്. കളിച്ച മൂന്നു കളികളിലും ഗോൾ നേടാൻ സലാഹിന് ചാമ്പ്യൻസ് ലീഗിൽ ഇത് വരെ ആയി. എ.സി മിലാനു എതിരെ പെനാൽട്ടി പാഴാക്കിയെങ്കിലും കണക്ക് തീർത്തു ഗോൾ, പോർട്ടോക്ക് എതിരെ ഇരട്ടഗോളുകൾ, അത്ലറ്റികോ മാഡ്രിഡിന് എതിരെ ഒരു മാന്ത്രിക ഗോൾ അടക്കം ഇരട്ടഗോളുകൾ. ഇങ്ങനെ തൊട്ടത് ഒക്കെ പൊന്നാക്കുക ആണ് സലാഹ് ഈ സീസണിൽ ഇത് വരെ. നിലവിൽ ലിവർപൂളിന് ആയി ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിയ സലാഹ് ഇനിയും കിരീടങ്ങൾ തന്നെയാണ് ലക്ഷ്യം വക്കുന്നത്. ലിവർപൂളിലെ ആദ്യ സീസണിൽ പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് പഴയ കഥയാക്കിയ സലാഹിനെ ഒരു സീസൺ അത്ഭുതം ആയി ചുരുക്കിയ എല്ലാവരും ഇന്ന് അത്ഭുതം കൊണ്ടു ആണ് ആ മനുഷ്യനെ നോക്കുന്നത്. ചിലപ്പോൾ കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള സലാഹ് ആവും നിലവിൽ ചെൽസിയും, മാഞ്ചസ്റ്റർ സിറ്റിയും വലിയ വെല്ലുവിളി ഉയർത്തുന്ന ഇംഗ്ലീഷ് കിരീടപോരാട്ടത്തിൽ ലിവർപൂളിന്റെ തുറുപ്പ് ചീട്ട്. അതിനൊപ്പം ചാമ്പ്യൻസ് ലീഗിലും മിസ്റിലെ രാജാവിൽ ആവും ലിവർപൂൾ പ്രതീക്ഷകൾ കൂടുതലും.

നിലവിൽ സലാഹ് ആവശ്യപ്പെടുന്ന എന്തും നൽകി താരത്തെ ലിവർപൂൾ നിലനിർത്തിയാൽ പ്രീമിയർ ലീഗിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായും സലാഹ് മാറും. എന്നാൽ ജനുവരിയിൽ ആഫ്രിക്കൻ നേഷൻസ് കപ്പ് വരുന്നത് ലിവർപൂളിന് വെല്ലുവിളി ആവുമെങ്കിലും ഈ ഫോമിൽ സലാഹ് ആഫ്രിക്കൻ കിരീടം തങ്ങൾക്ക് സമ്മാനിക്കും എന്ന പ്രതീക്ഷയിൽ ആണ് ഈജിപ്ത് ആരാധകർ. ഈ സീസണിൽ ഇനി എന്ത് സംഭവിച്ചാലും ഇതിനകം തന്നെ മുഹമ്മദ് സലാഹ് എന്ന താരം ഇരിപ്പുറപ്പിക്കുന്നത് ആൻഫീൾഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മഹാന്മാരായ താരങ്ങൾക്ക് ഒപ്പം തന്നെയാണ്. ഓരോ ഗോൾ ആഘോഷത്തിലും സലാഹ് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ലിവർപൂൾ ആരാധകരും തനിക്ക് ലിവർപൂൾ എത്രത്തോളം പ്രിയപ്പെട്ടത് ആണ് എന്ന് സലാഹും കാണിക്കുന്നുണ്ട്. കെന്നി ഡഗ്ളിഷ് മുതൽ മൈക്കിൾ ഓവൻ അടക്കം സ്റ്റീവൻ ജെറാർഡും ഫെർണാണ്ടോ ടോറസും വരെ അടങ്ങുന്ന ലിവർപൂൾ ആരാധകർക്ക് ജീവനിൽ ജീവനായ ഒരാൾ ആയി മെഴ്‌സിസൈഡിൽ മിസ്റിലെ രാജാവ് ഇരിപ്പ് ഉറപ്പിച്ചു കഴിഞ്ഞു. ഇതിനകം ഇതിഹാസമായി മാറിയ ആ കഥക്ക് എത്ര എത്ര പുതിയ ഏടുകൾ മുഹമ്മദ് സലാഹ് എന്ന ആഫ്രിക്കൻ താരം കുറിക്കും എന്നു കാത്തിരുന്നു തന്നെ കാണാം.

You might also like