‘തനിക്ക് മൈക്കിൾ ആർട്ടെറ്റയും ആയി പ്രശ്നങ്ങൾ ഉണ്ടായിരുന്നു’ ~ ഒബമയാങ്

ആഴ്‌സണൽ വിട്ടു ബാഴ്‌സലോണയിൽ ചേർന്ന പിയരെ എയ്‌മറിക് ഒബമയാങ് തനിക്ക് ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റയും ആയി പ്രശ്നങ്ങൾ ഉണ്ട് എന്ന് വ്യക്തമാക്കി. ഡെഡ് ലൈൻ ദിനം ഒരുപാട് നാടകീയമായ നിമിഷങ്ങൾക്ക് ശേഷം ആയിരുന്നു ഒബമയാങ് ബാഴ്‌സലോണയിൽ എത്തിയത്. പരിശീലനത്തിന് എത്താതത്‌ അടക്കമുള്ള വിഷയങ്ങളിൽ താരത്തിന് എതിരെ അച്ചടക്ക നടപടി എടുത്ത ആർട്ടെറ്റ ഒബമയാങിന് ടീമിൽ അവസരം നൽകിയിരുന്നില്ല. മാപ്പ് പറയാൻ തയ്യാർ ആയി എങ്കിലും താരത്തെ ടീമിൽ തിരിച്ചു എടുക്കാൻ സ്പാനിഷ് പരിശീലകൻ തയ്യാറായില്ല. ഇത് ആണ് ക്ലബ് വിടാൻ ഒബമയാങ് തീരുമാനിക്കാൻ പ്രധാന കാരണം ആയത്.

തങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു എന്ന് പറഞ്ഞ ഒബമയാങ് ആർട്ടെറ്റ തന്നിൽ സന്തോഷവാൻ അല്ലായിരുന്നു എന്നും കൂട്ടിച്ചേർത്തു. ആഴ്‌സണലിൽ അവസാന മാസങ്ങൾ ബുദ്ധിമുട്ട് നിറഞ്ഞത് ആണെന്ന് പറഞ്ഞ ഒബമയാങ് താനും ഇതിൽ സന്തോഷവാൻ അല്ലായിരുന്നു എന്നും പറഞ്ഞു. തനിക്ക് ഒരിക്കൽ മോശം കാര്യങ്ങൾ ചെയ്യണം എന്ന് ഇല്ല എന്നു പറഞ്ഞ ഗാബോൻ താരം കഴിഞ്ഞ കാര്യങ്ങളെക്കാൾ ഇപ്പോൾ മുന്നിൽ ഉള്ള കാര്യങ്ങൾ ഓർക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്നും പറഞ്ഞു. ലാ ലീഗയിൽ ബാഴ്‌സലോണ പോലൊരു വലിയ ക്ലബിൽ കളിക്കുക എന്നത് എന്നത്തേയും ആഗ്രഹം ആയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. ബാഴ്‌സലോണയുടെ നിലവിലെ മോശം സാമ്പത്തിക അവസ്ഥയിൽ പ്രതിഫലം വലിയ നിലക്ക് കുറച്ചു ആണ് താരം ബാഴ്‌സയിൽ എത്തിയത്.