പ്രീമിയർ ലീഗ് ആവേശം തുടങ്ങുന്നു, മത്സര ക്രമങ്ങൾ ഈ ആഴ്ച്ചയെത്തും

2019-2020 സീസണിൽ പ്രീമിയർ ലീഗ് മത്സര ക്രമം എന്താകും എന്ന് ഈ മാസം 13 ന് അറിയാം. ലീഗിലെ ഇരുപത് ടീമുകളുടെയും മത്സര ക്രമം അന്ന് തന്നെ അറിയാൻ സാധിക്കും. വിവിധ ഡർബി മത്സരങ്ങൾ മുതൽ പ്രമുഖ ടീമുകളുടെ ആദ്യ മത്സരങ്ങൾ ഏതാകും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ലീഗ് കിരീടത്തിൽ നിർണായക മത്സര സമയമായ ഡിസംബർ- ജനുവരി മാസങ്ങളിലെ ടീമുകളുടെ മത്സര ക്രമവും ആരാധകർ കാത്തിരിക്കുന്ന ഒന്നാണ്.

ആഗസ്റ്റ് 10 നാണ് പുതിയ ലീഗ് സീസൺ ഇംഗ്ലണ്ടിൽ ആരംഭിക്കുക. ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സര ക്രമങ്ങളും, രാജ്യാന്തര മത്സര ക്രമങ്ങളും കണക്കിൽ എടുത്താണ് ലീഗിൽ മത്സര ക്രമങ്ങൾ നിശ്ചയിക്കുന്നത്. കൂടാതെ ഇംഗ്ലണ്ടിൽ പോലീസ്, ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റുകളുടെ അനുമതിയും മത്സര ക്രമങ്ങൾ നിശ്ചയിക്കുന്നതിൽ നിർണായകമാണ്.