ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും രസകരമായ കിരീട പോരാട്ടം ഇന്ന് അതിന്റെ അവസാന ദിവസത്തിൽ എത്തിയിരിക്കുകയാണ്. ഇന്ന് രാത്രി 7.30ന് നടക്കുന്ന രണ്ട് മത്സരങ്ങളിടെ ഫലമാകും ഈ പ്രീമിയർ ലീഗ് കിരീടം ആർക്കെന്ന് തീരുമാനിക്കുക. ഇപ്പോൾ 95 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും, 94 പോയന്റുമായി ലിവർപൂൾ രണ്ടാമതും ആണ്.
ഇന്ന് മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ബ്രൈറ്റണെയും, ലിവർപൂൾ ഹോം മത്സരത്തിൽ വോൾവ്സിനെയും നേരിടും. തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് ലക്ഷ്യമിടുന്നത്. സർ അലക്സ് ഫെർഗൂസണ് ശേഷം ആദ്യമായി കിരീടം നിലനിർത്തുന്നു എന്ന നേട്ടത്തിൽ പെപ് ഗ്വാർഡിയോളയ്ക്ക് എത്താനും ഇന്ന് സിറ്റി വിജയിച്ചാൽ ആകും. മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം ലീഗ് കിരീടവും ആകും ഈ വിജയം. എന്നാൽ ബ്രൈറ്റൺ പെപ് ഗ്വാർഡിയോളയുടെ ടീമിന് വലിയ വെല്ലുവിളിയാകും. ഹോം ഗ്രൗണ്ടിൽ വമ്പന്മാർക്കെതിരെയും മികച്ച രീതിയിൽ കളിക്കുന്ന പതിവാണ് ബ്രൈറ്റണ് ഉള്ളത്. അത് ഇന്ന് ആവർത്തിച്ചാൽ സിറ്റി സമ്മർദ്ദത്തിൽ ആകും. ഒരു സമനില പോലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട സ്വപ്നം തകർക്കും.
മറുവശത്ത് ലിവർപൂളിനും എതിരാളികൾ ശക്തരാണ്. പക്ഷെ ലിവർപൂളിന്റെ ഹോം ഗ്രൗണ്ടിലെ റെക്കോർഡ് വോൾവ്സിനെതിരെ എളുപ്പത്തിൽ തന്നെ ലിവർപൂൾ ജയിച്ചേക്കും എന്ന പ്രതീതി നൽകുന്നു. ഇതിനകം തന്നെ ഏഴാം സ്ഥാനം ഉറപ്പിച്ച വോൾവ്സ് ഇന്ന് പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെയാകും ഇറങ്ങുക. ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റി അബദ്ധങ്ങൾ കാണിക്കും എന്നും അതുവഴി തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് കിരീടം എന്ന ലക്ഷ്യത്തിൽ എത്താമെന്നും പ്രതീക്ഷിക്കുന്നു. പ്രീമിയൽ ലീഗിലെ ആദ്യ കിരീടം ആകുമെങ്കിലും ജയിച്ചാൽ അത് ലിവർപൂളിന്റെ 19ആം ലീഗ് കിരീടമാകും.