തരം താഴ്ത്തൽ പോരിൽ സൗതാപ്റ്റണിനു എതിരെ വമ്പൻ ജയവുമായി ബേർൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന ബേർൺലിക്ക് സൗതാപ്റ്റണിനു എതിരെ വമ്പൻ ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ ടർഫ് മൂറിൽ ജയം കണ്ടത്. ജയത്തോടെ ലീഗിൽ 17 മതുള്ള എവർട്ടണും ആയുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് ആക്കിയും അവർ മാറ്റി. ആദ്യ പകുതിയിൽ നേടിയ ഗോളുകൾക്ക് ആണ് ബേർൺലി 13 സ്ഥാനക്കാർ ആയ സൗതാപ്റ്റണിനെ തോൽപ്പിച്ചത്. മത്സരത്തിൽ 12 മത്തെ മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ മുന്നിലെത്തി. ജോഷ് ബ്രോൺഹിലിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ ഗോൾ നേടിയ കോണർ റോബർട്ട്സ് ആണ് അവർക്ക് ആദ്യ ഗോൾ സമ്മാനിച്ചത്.

ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ബ്രോൺഹിലിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ കണ്ടത്തിയ നഥാൻ കോളിൻസ് ബേർൺലി ജയം ഉറപ്പിച്ചു. 63 മത്തെ മിനിറ്റിൽ ജെ റോഡ്രിഗസ് ഗോൾ നേടിയെങ്കിലും ഇത് വാർ ഓഫ് സൈഡ് വിളിക്കുക ആയിരുന്നു. മത്സരത്തിൽ പന്ത് കൂടുതൽ നേരം കൈവശം വച്ചത് സൗതാപ്റ്റൺ ആയിരുന്നു എങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് ബേർൺലി ആയിരുന്നു. മത്സരത്തിനു ഇടക്ക് സൗതാപ്റ്റണിന്റെ രണ്ടു താരങ്ങൾക്ക് ആയി വ്രതം മുറിക്കാൻ കളി താൽക്കാലികമായി നിർത്തി വച്ചതും കാണാൻ ആയി. പരിശീലകൻ ഷോൺ ഡൈചിനെ പുറത്താക്കിയ ശേഷമുള്ള ബേർൺലി ജയം കൂടിയാണ് ഇത്.