ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ബേർൺലിയും യൂറോപ്യൻ യോഗ്യത ലക്ഷ്യം വക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡും തമ്മിലുള്ള മത്സരം 1-1 ന്റെ സമനിലയിൽ അവസാനിച്ചു. ബേർൺലി താരം ആഷ്‌ലി വെസ്റ്റ്വുഡിന് ഏറ്റ ഗുരുതര പരിക്ക് നിറം കെടുത്തിയ മത്സരത്തിൽ ക്ലബ് ക്യാപ്റ്റൻ ബെൻ മീ ആണ് ബേർൺലി പരിശീലകൻ ആയത്. വെസ്റ്റ്വുഡിന് പരിക്കേറ്റു താരം മടങ്ങിയ ശേഷം 33 മത്തെ മിനിറ്റിൽ തന്നെ ബേർൺലി മത്സരത്തിൽ അപ്രതീക്ഷിത ഗോൾ കണ്ടത്തി. ഡച്ച് താരം വെഗ്ഹോർസ്റ്റ് ആണ് മത്സരത്തിൽ എല്ലാ നിലക്കും മുന്നിട്ട് നിന്ന വെസ്റ്റ് ഹാമിനെ ഞെട്ടിച്ചത്.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് വെസ്റ്റ് ഹാം ഗോൾ കീപ്പർ ലൂകാസ് ഫാബിയാൻസ്കി ബോക്‌സിൽ മാക്‌സ്വൽ കോർണെയെ വീഴ്ത്തിയതോടെ ബേർൺലിക്ക് പെനാൽട്ടി അനുവദിക്കപ്പെട്ടു. എന്നാൽ പെനാൽട്ടി പുറത്തേക്ക് അടിച്ച കോർണെ മത്സരം ജയിക്കാനുള്ള സുവർണ അവസരം ആണ് പാഴാക്കിയത്. രണ്ടാം പകുതിയിൽ സമനിലക്ക് ആയി വെസ്റ്റ് ഹാം ശ്രമങ്ങൾ നിരവധി കണ്ടു. ഒടുവിൽ 74 മത്തെ മിനിറ്റിൽ ലാൻസിനിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ തോമസ് സൗചക് അവർക്ക് സമനില സമ്മാനിക്കുക ആയിരുന്നു. മുൻ വെസ്റ്റ് ഹാം താരം കാർലോസ് ടെവസ് കളി കാണാൻ ലണ്ടൻ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. സമനിലയോടെ ബേർൺലി 18 സ്ഥാനത്ത് തന്നെ തുടരുകയാണ്.