ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ റെക്കോർഡ് തുകക്ക് ജനുവരിയിൽ ടീമിൽ എത്തിയ ബ്രസീലിയൻ താരം ബ്രൂണോ ഗുയിമാരസിന്റെ ഇരട്ട ഗോൾ മികവിൽ ലെസ്റ്റർ സിറ്റിയെ വീഴ്ത്തി ന്യൂകാസ്റ്റിൽ യുണൈറ്റഡ്. ഒരു ഗോളിന് പിറകിൽ ആയ ശേഷം തിരിച്ചു വന്നാണ് ന്യൂകാസ്റ്റിൽ ജയം പിടിച്ചെടുത്തത്. സെന്റ് ജെയിംസ് പാർക്കിൽ പന്ത് കൂടുതൽ കൈവശം വച്ചത് ലെസ്റ്റർ ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയത് ന്യൂകാസ്റ്റിൽ ആയിരുന്നു. 19 മത്തെ മിനിറ്റിൽ അയോസെ പെരസിന്റെ പാസിൽ നിന്നു ലുക്മാനിലൂടെ ലെസ്റ്റർ മത്സരത്തിൽ മുന്നിലെത്തി. ഗോൾ വഴങ്ങിയ ശേഷം ആക്രമിച്ചു കളിക്കുന്ന ന്യൂകാസ്റ്റിലിനെ ആണ് കാണാൻ ആയത്.
30 മത്തെ മിനിറ്റിൽ ബ്രൂണോയുടെ ആദ്യ ഗോളിലൂടെ ന്യൂകാസ്റ്റിൽ സമനില പിടിച്ചു. ലെസ്റ്റർ ഗോൾ കീപ്പർ ഷെമയ്ക്കലിന്റെ കയ്യിൽ നിന്ന് റാഞ്ചിയാണ് താരം സ്വന്തം കാണികൾക്ക് മുന്നിൽ ന്യൂകാസ്റ്റിലിന് ആയി തന്റെ ആദ്യ ഗോൾ നേടിയത്. വാർ ദീർഘ സമയം പരിശോധിച്ച ശേഷം ആണ് ഈ ഗോൾ അനുവദിച്ചത്. തുടർന്ന് സമനിലയിലേക്ക് നീങ്ങുക ആയിരുന്ന മത്സരത്തിൽ ബ്രൂണോ ഒരിക്കൽ കൂടി അവതരിച്ചു. ഇഞ്ച്വറി സമയത്ത് 95 മത്തെ മിനിറ്റിൽ ഒരു കൗണ്ടർ അറ്റാക്കിൽ ലഭിച്ച അവസരത്തിൽ ഹെഡറിലൂടെ താരം ന്യൂകാസ്റ്റിലിന് ജയം സമ്മാനിക്കുക ആയിരുന്നു. ജേഴ്സി ഊരി ആഘോഷിച്ച താരത്തിന് നേരെ റഫറി മഞ്ഞ കാർഡും വീശി. ജയത്തോടെ ന്യൂകാസ്റ്റിൽ ലീഗിൽ 14 സ്ഥാനത്തേക്ക് മുന്നേറി.