ആരാധകരുടെ അതിരൂക്ഷമായ വിമർശനങ്ങളും പരിഹാസങ്ങളും ക്രൂരമായ പെരുമാറ്റങ്ങളും പലരെയും പരിശീലകർ ആവുന്നതിൽ നിന്നു തടയുന്നത് ആയി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. സ്റ്റീവ് ബ്രൂസിന് ഉണ്ടായ അനുഭവത്തെകുറിച്ചു പറയുമ്പോൾ ആണ് സ്പാനിഷ് പരിശീലകൻ ഈ പ്രതികരണം നടത്തിയത്. തന്റെ പല സുഹൃത്തുക്കളും ഈ ആശങ്ക പങ്ക് വച്ചത് ആയി പറഞ്ഞ ആർട്ടെറ്റ ആ ഭയം മറികടന്നാൽ മാത്രമേ പരിശീലകന്റെ മുൾ കിരീടം ആളുകൾക്ക് അണിയാൻ ആവൂ എന്നും കൂട്ടിച്ചേർത്തു. പലപ്പോഴും വിമർശങ്ങൾ കേൾക്കാനും ഉൾക്കൊള്ളാനും പരിശീലകർ തയ്യാർ ആവണം എന്നു പറഞ്ഞ ആർട്ടെറ്റ പക്ഷെ സ്റ്റീവ് ബ്രൂസിന് ഉണ്ടായ അനുഭവം ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തത് ആണെന്നും കൂട്ടിച്ചേർത്തു.
വ്യക്തിപരമായി തനിക്ക് അറിയാവുന്ന സ്റ്റീവ് ബ്രൂസിന്റെ പ്രതികരണം തന്നെ വേദനിപ്പിച്ചു എന്നു ആർട്ടെറ്റ പറഞ്ഞു. ഒപ്പം 40 ലേറെ വർഷം ഫുട്‌ബോൾ താരമായും പരിശീലകനും ആയി അനുഭവമുള്ള, 1000 ത്തിലേറെ മത്സരങ്ങൾ പരിശീലിപ്പിച്ച സ്റ്റീവ് ബ്രൂസ് അത്തരം ആസ്യഭ വർഷം ഒരിക്കലും അർഹിക്കുന്നില്ല എന്നും ആർട്ടെറ്റ കൂട്ടിച്ചേർത്തു. എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ ആഴ്‌സണൽ പരിശീലകൻ ഈ അവസ്ഥയിൽ നിന്നു ബ്രൂസ് കരകയറുമെന്നും ഫുട്‌ബോൾ പരിശീലത്തിലേക്കു തിരിച്ചു വരുമെന്നും പ്രത്യാശിച്ചു.