ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറും പോരാട്ടം. മികച്ച ഫോമിലുള്ള ആഴ്‌സണൽ ഇന്ന് അത്ര മികച്ച തുടക്കം ലഭിക്കാത്ത ലിവർപൂളിനെ സ്വന്തം മൈതാനത്ത് നേരിടുമ്പോൾ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കില്ല. മികച്ച ഫോമിലുള്ള ആഴ്‌സണൽ സമീപകാലത്ത് മികച്ച ടീമുകൾക്ക് എതിരെയുള്ള മോശം പ്രകടനങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവും ഇന്ന് ശ്രമിക്കുക. മികവ് പുലർത്തുന്ന താരങ്ങൾ പരിക്കിന്റെ പിടിയിൽ അല്ല എന്നതും ആഴ്‌സണലിന് വലിയ ആത്മവിശ്വാസം നൽകുന്നു. ഇടത് ബാക്ക് സിഞ്ചെങ്കോയുടെ ചെറിയ പരിക്ക് മാത്രമാണ് നിലവിൽ ആഴ്‌സണലിനെ അലട്ടുന്ന പ്രശ്നം.
സാലിബ, ഗബ്രിയേൽ, വൈറ്റ് എന്നിവർ റാംസ്ഡേലിന് മുന്നിൽ നിൽക്കുന്ന പ്രതിരോധത്തിന് ലിവർപൂൾ മുന്നേറ്റത്തെ പിടിച്ചു കെട്ടാനുള്ള ത്രാണിയുണ്ട്. മധ്യനിരയിൽ തോമസ് പാർട്ടിക്ക് കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ഗ്രാനിറ്റ് ശാക്കയാണ് നിലവിൽ ആഴ്‌സണലിന്റെ ഏറ്റവും വലിയ ശക്തി. മധ്യനിരയിൽ സ്ഥിരത നൽകുന്ന ശാക്ക മുന്നേറ്റത്തിന് പുതിയ മാനങ്ങളും നൽകുന്നു. ഇടത് ബാക്കായ സിഞ്ചെങ്കോ വലിയ സംഭാവന നൽകുന്ന ആഴ്‌സണൽ മുന്നേറ്റം ലോകത്ത് ഏത് പ്രതിരോധത്തിനും തലവേദന നൽകാൻ പോന്നത് ആണ്. ഉഗ്രൻ ഫോമിലാണ് ഗബ്രിയേൽ ജീസസ്, ഗബ്രിയേൽ മാർട്ടിനെല്ലി, ബുകയോ സാക, മാർട്ടിൻ ഒഡഗാർഡ് എന്നിവർ. വിശ്രമം ഇല്ലാതെ നിരന്തരം പ്രതിരോധം പരീക്ഷിക്കുന്ന ഇവർക്ക് എതിരെ ലിവർപൂൾ പ്രതിരോധം എങ്ങനെ പ്രതികരിക്കും എന്നത് ആവും മത്സരത്തിന്റെ വിധി എഴുതുക.
മോശം ഫോമിൽ ആണ് എങ്കിലും ക്ലോപ്പ് ഇത് വരെ ഒരിക്കൽ മാത്രമാണ് ആഴ്‌സണലിനോട് തോറ്റത് എന്നത് അവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നു. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരമായ ഇതിൽ കഴിഞ്ഞ രണ്ടു തവണയും ലിവർപൂൾ ആഴ്‌സണലിന്റെ മൈതാനത്ത് ജയിച്ചിരുന്നു. ഒപ്പം ആഴ്‌സണലിന് എതിരെ എന്നും ഗോൾ നേടാറുള്ള റോബർട്ടോ ഫിർമീന്യോയുടെ സാന്നിധ്യം ലിവർപൂളിന് കരുത്ത് ആണ്. സീസണിൽ ഇത് വരെ എവേ മത്സരം ജയിക്കാത്ത ലിവർപൂൾ എമിറേറ്റ്സിൽ ജയിച്ചു തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നത്. അർണോൾഡ്, വാൻ ഡെയ്ക് എന്നിവർ അടക്കം കടുത്ത വിമർശനം നേരിടുന്ന പ്രതിരോധം ആണ് ലിവർപൂളിന്റെ പ്രധാന പ്രശ്നം.
മികവ് തുടരുന്ന ആഴ്‌സണൽ മുന്നേറ്റത്തിന് എതിരെ ശ്രദ്ധക്കുറവ് ഉണ്ടായാൽ കടുത്ത വില ആവും ലിവർപൂൾ നൽകേണ്ടി വരിക. മധ്യനിരയിൽ തിയാഗോ, ഫബീന്യോ എന്നിവർക്ക് കളം പിടിക്കാൻ പറ്റണം. മുന്നേറ്റത്തിൽ സലാഹ്, ഡിയാസ് എന്നിവർക്ക് ഒപ്പം ആഴ്‌സണലിനു എതിരെ എന്നും മികവ് തുടരുന്ന ഫിർമീന്യോ ആവും അണിനിരക്കുക.അങ്ങനെയെങ്കിൽ നുനിയസ് പകരക്കാരനാവും. സ്വന്തം മൈതാനത്തെ മികവും നോർത്ത് ലണ്ടൻ ഡാർബി ജയിച്ചു വരുന്ന ആത്മവിശ്വാസവും എല്ലാം മറന്നു പൊരുതുന്ന യുവതാരങ്ങളും ആഴ്‌സണലിന് വലിയ കരുത്ത് ആണ് നൽകുന്നത്. ജയത്തോടെ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആവും ആർട്ടെറ്റയുടെ ടീമിന്റെ ലക്ഷ്യം. എന്നാൽ ഇപ്പോൾ പത്താം സ്ഥാനത്തുള്ള ലിവർപൂളിന് ഈ മത്സരം തോറ്റാൽ അത് വലിയ പ്രതിസന്ധിയാവും സൃഷ്ടിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒമ്പത് മണിക്ക് എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.