വിജയം തുടരാൻ ആഴ്‌സണൽ ലെസ്റ്റർ സിറ്റിക്ക് എതിരെ, പരിക്ക് മാറി എത്തുന്ന ഫാബിയോ വിയേര അരങ്ങേറിയേക്കും

Wasim Akram

Screenshot 20220805 131515 01
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ജയം തുടരാൻ ഇറങ്ങുന്ന ആഴ്‌സണൽ രണ്ടാം മത്സരത്തിൽ ഇന്ന് ലെസ്റ്റർ സിറ്റിയെ നേരിടും. ആദ്യ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ അവരുടെ മൈതാനത്തിൽ തോൽപ്പിച്ച ആഴ്‌സണൽ ഇത്തവണ സീസണിൽ ആദ്യമായി സ്വന്തം മൈതാനത്തിൽ കളിക്കാൻ ഇറങ്ങും. പാലസിന് എതിരെ പുറത്തെടുത്ത മികവ് തുടരാൻ ആവും ആഴ്‌സണൽ ശ്രമം. പ്രതിരോധത്തിൽ റാംസ്ഡേലിന് മുന്നിൽ കഴിഞ്ഞ മത്സരത്തിലെ താരം വില്യം സാലിബ, ഗബ്രിയേൽ എന്നിവർ തന്നെയാവും. ടോമിയാസു,ടിയേർണി എന്നിവർ പരിക്ക് മാറി എത്തിയെങ്കിലും വലത് ബാക്ക് ആയി ബെൻ വൈറ്റും ഇടത് ബാക്ക് ആയി സിഞ്ചെങ്കോയും തുടരാൻ ആണ് സാധ്യത. ചിലപ്പോൾ ടിയേർണി ആദ്യ പതിനൊന്നിൽ സ്ഥാനം പിടിച്ചാലും വൈറ്റ് വലത് ബാക്ക് ആയി തുടരും. മധ്യനിരയിൽ തോമസ് പാർട്ടി, ഗ്രാനിറ്റ് ശാക്ക എന്നിവർ ആഴ്‌സണലിന് വളരെ പ്രധാനമാണ്.

മുന്നേറ്റത്തിൽ ഗബ്രിയേൽ ജീസുസിന് പിന്തുണയായി ക്യാപ്റ്റൻ ഒഡഗാർഡ്, ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർ എത്തും. ആഴ്‌സണലിന് ആയി ജീസുസിന്റെ ഗോൾ കാത്തിരിക്കുന്ന ആരാധകർ എമിറേറ്റ്‌സിൽ താരത്തിൽ നിന്നു ഗോൾ പ്രതീക്ഷിക്കുന്നു. പരിക്കിൽ നിന്നു മടങ്ങിയെത്തുന്ന ഫാബിയോ വിയേര പകരക്കാരനായി എങ്കിലും ചിലപ്പോൾ ആഴ്‌സണലിന് ആയി ഇന്ന് അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്. പരിക്ക് മാറി എത്തുന്ന എമിൽ സ്മിത് റോയും ആഴ്‌സണലിന് കരുത്ത് ആവും. അതേസമയം കഴിഞ്ഞ മത്സരത്തിൽ 2 ഗോൾ മുന്നിൽ നിന്ന ശേഷം അവസാന നിമിഷങ്ങളിൽ ഗോൾ വഴങ്ങി ജയം കൈവിട്ട ലെസ്റ്റർ സിറ്റി ശരിയായ മികവിലേക്ക്‌ ഉയർന്നിട്ടില്ല.

വലിയ മത്സരങ്ങളിൽ ഗോൾ നേടുന്ന ജെയ്മി വാർഡി തന്നെയാവും ലെസ്റ്റർ മുന്നേറ്റം നയിക്കുക. ഇഹനാചോ, ഡാക എന്നിവർ വാർഡിക്ക് പകരക്കാനാവാൻ പോന്നവർ തന്നെയാണ്. ജെയിംസ് മാഡിസന്റെ പ്രകടനങ്ങൾ തന്നെയാവും ലെസ്റ്റർ മുന്നേറ്റത്തിൽ പ്രധാനം ആവുക. മധ്യനിരയിൽ ആഴ്‌സണലിൽ എത്തും എന്നു കരുതുന്ന ടിലമെൻസ്, എൻഡിഡി എന്നിവരുടെ പ്രകടനവും ഇവാൻസ്, ഫോഫന എന്നിവർ അടങ്ങുന്ന ലെസ്റ്റർ പ്രതിരോധത്തിന്റെ പ്രകടനവും ആവും മത്സരത്തിന്റെ വിധി നിർണയിക്കുക. യുവത്വവും വേഗതയും ഊർജ്ജവും കൈമുതലുള്ള ആഴ്‌സണൽ മുന്നേറ്റത്തെ ഇവർക്ക് തടയാൻ ആവുമോ എന്നത് തന്നെയാവും മത്സരത്തിന്റെ വിധി എഴുതുന്ന കാര്യം. സമീപകാലത്ത് ആഴ്‌സണലിന് വളരെ മികച്ച റെക്കോർഡ് ആണ് ലെസ്റ്റർ സിറ്റിക്ക് എതിരെയുള്ളത്. അതിനാൽ തന്നെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മികച്ച ജയം കുറിക്കാൻ ആവും ആർട്ടെറ്റയുടെ ടീം ഇറങ്ങുക. ഇന്ന് വൈകുന്നേരം 7.30 നു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് സെലക്ട്, ഹോട്സ്റ്റാർ എന്നിവയിൽ തത്സമയം കാണാം.

Story Highlight : Premier League, Arsenal Leicester City match preview.