ജയം തുടരാൻ ആഴ്‌സണൽ ഇന്ന് ബോർൺമൗത്തിനു എതിരെ | Report

Wasim Akram

20220820 003349

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം തേടി ആഴ്‌സണൽ ഇന്നിറങ്ങും.

പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം തേടി ആഴ്‌സണൽ ഇന്നിറങ്ങും. പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടി വന്ന ബോർൺമൗത്തിനെ ആണ് ആർട്ടെറ്റയുടെ ടീം ഇന്ന് നേരിടുക. മുന്നേറ്റത്തിലും പ്രതിരോധത്തിലും മികവ് പുലർത്തുന്ന ടീമിൽ ആർട്ടെറ്റ മാറ്റം വരുത്താൻ സാധ്യത കുറവാണ്. കഴിഞ്ഞ മത്സരത്തിൽ കളം നിറഞ്ഞു കളിച്ച ഗബ്രിയേൽ ജീസുസിന് ഒപ്പം തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ നേടാൻ ഇറങ്ങുന്ന ഗബ്രിയേൽ മാർട്ടിനെല്ലിയും പൂർണ മികവ് ലക്ഷ്യം വക്കുന്ന ബുകയോ സാകയും ഇറങ്ങുമ്പോൾ ബോർൺമൗത്ത് പ്രതിരോധം വിയർക്കും.

കഴിഞ്ഞ സീസണിലെ മികവ് തിരിച്ചു പിടിക്കാൻ ഇറങ്ങുന്ന ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡിൽ നിന്നു മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയിൽ കയറി കളിക്കുന്ന ഗ്രാനിറ്റ് ശാക്കക്ക് ഒപ്പം പ്രതിരോധത്തിന് മുന്നിൽ തോമസ് പാർട്ടി നിലയുറപ്പിക്കും. ടിയേർണി, ടോമിയാസു എന്നിവർ അടക്കം എല്ലാവരും പരിക്കിൽ നിന്നു മോചിതരായി എങ്കിലും വൈറ്റ് വലത് ബാക്ക് ആയും സിൻഞ്ചെങ്കോ ഇടത് ബാക്ക് ആയും തുടരാൻ ആണ് സാധ്യത. സിൻഞ്ചെങ്കോ മധ്യനിരയിൽ അടക്കം വരുത്തുന്ന സാന്നിധ്യം ടീമിന്റെ പ്രകടനത്തിൽ വളരെ നിർണായകമാണ്.

ആഴ്‌സണൽ

റാംസ്ഡേലിന് മുന്നിൽ സാലിബയിലും ഗബ്രിയേലിലും ആർട്ടെറ്റക്ക് പൂർണ വിശ്വാസം അർപ്പിക്കാം. എമിൽ സ്മിത്-റോയും പുതിയ താരം ഫാബിയോ വിയേരയും പരിക്കിൽ നിന്നു പൂർണമായും ഭേദമായി വന്നതിനാൽ തന്നെ അവർക്ക് പകരക്കാരായി കളിക്കാൻ ആർട്ടെറ്റ അവസരം നൽകിയേക്കും. അങ്ങനെയെങ്കിൽ ക്ലബിൽ വിയേരയുടെ അരങ്ങേറ്റം ആയിരിക്കും ഈ മത്സരം. കളിച്ച 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരിക്കൽ മാത്രം ആണ് ആഴ്‌സണൽ ബോർൺമൗത്തിനോട് പരാജയപ്പെട്ടത്. അവരുടെ മൈതാനത്ത് മികവ് പുലർത്തുന്നു എങ്കിലും ജീസുസ് അടക്കമുള്ള മുന്നേറ്റത്തെ തടയുക ആവും സ്‌കോട്ട് പാർക്കറിന്റെ ടീമിന്റെ പ്രധാന വെല്ലുവിളി.

പ്രതിരോധത്തിൽ മികച്ച ഫോമിലുള്ള ആർട്ടെറ്റയുടെ ടീമിന്റെ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ ലെർമയും കെല്ലിയും അടങ്ങിയ പ്രതിരോധം വിയർക്കേണ്ടി വരും. മുന്നേറ്റത്തിൽ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സ്വന്തം മൈതാനത്ത് ഗോൾ നേടിയ കീഫർ മൂറെ ആവും ബോർൺമൗത്തിന്റെ പ്രധാന ശക്തി. മികച്ച പ്രകടനം നടത്തി ഗോളുകൾ കണ്ടത്തി ജയം തുടരാൻ ആവും ആർട്ടെറ്റയുടെ ടീം വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇറങ്ങുക. ജീസുസ്, മാർട്ടിനെല്ലി എന്നിവർക്ക് ഒപ്പം സാക, ഒഡഗാർഡ് എന്നിവർ കൂടി ഗോളടി മികവിലേക്ക്‌ ഉയർന്നാൽ ആർട്ടെറ്റക്ക് അധികം ആശങ്കകൾ ഉണ്ടാവില്ല. രാത്രി 10 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സ് സെലക്ട്, ഹോട്സ്റ്റാർ എന്നിവയിൽ തത്സമയം കാണാം.

Story Highlight : Arsenal Vs AFC Bournemouth match preview, Premier League.