മൂന്ന് മത്സരങ്ങൾ, ഒരു പോയിന്റ് വ്യത്യാസം.. ഇംഗ്ലണ്ടിൽ കിരീട പോരാട്ടം നെഞ്ചിടിപ്പ് കൂട്ടുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കിരീട പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചതോടെ മാഞ്ചസ്റ്റർ സിറ്റി വീണ്ടും ലിവർപൂളിനെ മറികടന്ന് മുന്നിൽ എത്തിയിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 89 പോയന്റും ലിവർപൂളിന് 88 പോയന്റുമാണ് ഇപ്പോൾ ഉള്ളത്. ഇനി അവശേഷിക്കുന്നത് വെറും 3 മത്സരങ്ങളും. കിരീടം ആരു നേടുമെന്ന് ഇപ്പോഴും പ്രവചിക്കാൻ കഴിയാത്ത അവസ്ഥ.

മാഞ്ചസ്റ്റർ സിറ്റിക്കും ലിവർപൂളിനും ഇനി മുന്നിൽ ഉള്ളത് അത്ര എളുപ്പമുള്ള മത്സരങ്ങളുമല്ല‌. മാഞ്ചസ്റ്റർ സിറ്റിക്ക് ശേഷിക്കുന്ന മത്സരങ്ങൾ ബേർൺലിക്ക് എതിരായ എവേ മത്സരം, ലെസ്റ്റർ സിറ്റിക്ക് എതിരായ ഹോം മത്സരം, ബ്രൈറ്റണ് എതിരായ എവേ മത്സരം എന്നിവയാണ്. ഇതൊക്കെ എളുപ്പമുള്ള മത്സരങ്ങളേ അല്ല. അടുത്തിടെ ആയി മികച്ച ഫോമിൽ കളിക്കുന്ന ബേർൺലിയെ അവരുടെ ഗ്രൗണ്ടിൽ പരാജപ്പെടുത്തുക എളുപ്പമല്ല. ലെസ്റ്റർ സിറ്റി ആകട്ടെ ബ്രണ്ടൺ പരിശീലകനായി എത്തിയ ശേഷം മികച്ച ഫോമിലാണ് കളിക്കുന്നത്. അവസാന ദിവസത്തെ എതിരാളികളായ ബ്രൈറ്റണാകട്ടെ റിലഗേഷൻ പോരിൽ ഉള്ളതിനാൽ ജീവൻ മുഴുവൻ കൊടുത്ത് കളിക്കും എന്ന് ഉറപ്പുമാണ്.

ലിവർപൂളിന് ദുർബലരായ ഹഡേഴ്സ്ഫീൽഡുമായിട്ടാണ് അടുത്ത് മത്സരം. ഇപ്പോൾ തന്നെ റിലഗേറ്റ് ചെയ്യപ്പെട്ട ഹഡേഴ്സ്ഫീൽഡ് ലിവർപൂളിന് വലിയ വെല്ലുവിളി ഉയർത്തില്ല. പക്ഷെ അവസാന രണ്ട് മത്സരങ്ങളിലും ലിവർപൂൾ കഷ്ടപ്പെടേണ്ടി വരും. ന്യൂകാസിലിനെ എവേ മത്സരത്തിൽ ആണ് പിന്നെ ലിവർപൂളിന് നേരിടേണ്ടത്. മുൻ പരിശീലകനായ റാഫാ ബെനിറ്റസ് കനിഞ്ഞില്ല എങ്കിൽ വിജയിക്കുക ലിവർപൂളിന് ഒട്ടും എളുപ്പമാകില്ല. അവസാന ദിവസം വോൾവ്സിനെ ആണ് ലിവർപൂൾ നേരിടുക. വൻ ടീമുകൾക്ക് എതിരെ വൻ പ്രകടനം തന്നെ നടത്തുന്ന വോൾവ്സ് അവസാന ദിവസം ലിവർപൂളിന് കടുത്ത പരീക്ഷണമാകും. ഇതിനൊക്കെ ഇടയിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉള്ളതും ലിവർപൂളിന് പ്രശ്നമാണ്.

മൂന്ന് ദശകങ്ങളോളമായുള്ള ലിവർപൂളിന്റെ ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുമോ അതോ തുടർ ലീഗ് കിരീടങ്ങൾ നേടി പെപ് ഗ്വാർഡിയോള, ഫെർഗൂസന് ശേഷം ആ നേട്ട? കൈവരിക്കുന്ന ആദ്യ പരിശീലകനാകുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.