ലിവർപൂളിന്റെ 30 വർഷങ്ങളായുള്ള കാത്തിരിപ്പിന് ചിലപ്പോൾ ഈ ഞായറാഴ്ച അവസാനമാകും. പ്രീമിയർ ലീഗ് പുനരാരംഭിക്കുന്ന ആദ്യ ആഴ്ച തന്നെ കിരീടം സ്വന്തമാക്കാനുള്ള അവസരം ലിവർപൂളിന് ലഭിക്കും. ക്ലോപ്പിന്റെ ടീമിന്റെ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നത്തിലേക്ക് ഇനി അവർക്കുള്ള ദൂരം വെറും ആറു പോയന്റാണ്. രണ്ട് ജയങ്ങൾ.
ലീഗിൽ 28 മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിക്ക് 57 പോയന്റാണ് ഇപ്പോൾ ഉള്ളത്. ഇനി ശേഷിക്കുന്ന മത്സരങ്ങൾ മുഴുവൻ സിറ്റി വിജയിച്ചാലും ആകെ ആവുക 87 പോയന്റാണ്. ഒന്നാമത് നിൽക്കുന്ന ലിവർപൂളിന് 29 മത്സരങ്ങളിൽ നിന്ന് ഇപ്പോൾ 82 പോയന്റുണ്ട്. ഇനി അവശേഷിക്കുന്ന 9 മത്സരങ്ങളിൽ വെറും രണ്ട് മത്സരം ജയിച്ചാൽ കിരീടം ആൻഫീൽഡിലേക്ക് എടുക്കാം.
ലിവർപൂളിന്റെ അടുത്ത ലീഗ് മത്സരത്തിനു മുമ്പ് സിറ്റിക്ക് ആഴ്സണലിനെ നേരിടാൻ ഉണ്ട്. 17ആം തീയതിയാണ് ഈ മത്സരം. സിറ്റി ഈ മത്സരത്തിൽ പോയന്റ് നഷ്ടപ്പെടുത്തുക ആണെങ്കിൽ ലിവർപൂളിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. സിറ്റി ആഴ്സണലിന് എതിരെ തോൽക്കുക ആണെങ്കിൽ എവർട്ടണുമായുള്ള ലിവർപൂളിന്റെ അടുത്ത മത്സരം ജയിച്ചാൽ തന്നെ ലിവർപൂളിന്റെ കിരീടം ഉറപ്പാകും.