ചെൽസിക്കെതിരെയുള്ള പ്രീമിയർ ലീഗ് മത്സരത്തിൽ ഗോൾ കീപ്പർ പീറ്റർ ചെക്ക് തന്നെയാവും ആഴ്‌സണൽ വലകാക്കുക എന്ന് ആഴ്‌സണൽ പരിശീലകൻ ഉനൈ എംറി. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആഴ്‌സണലിന്റെ മത്സരത്തിന് ശേഷം പീറ്റർ ചെക്കിനെതിരെ ഒരുപാടു വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ആഴ്‌സണൽ തോറ്റിരുന്നു. എന്നാൽ വെറ്ററൻ ഗോൾ കീപ്പറായ പീറ്റർ ചെക്കിൽ തന്നെ ഉനൈ എംറി വിശ്വാസമർപ്പിക്കുകയായിരുന്നു.
ഈ ട്രാൻസ്ഫർ വിൻഡോയിൽ ബയേൺ ലെവർകൂസനിൽ നിന്ന് ഗോൾ കീപ്പർ ബേൺഡ് ലെനോയെ ആഴ്‌സണൽ ടീമിലെത്തിച്ചിരുന്നു. എന്നാൽ ടീമിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായി പീറ്റർ ചെക്ക് തന്നെ തുടരുകയായിരുന്നു. പുതുതായി ചുമതലയേറ്റ ഉനൈ എംറിക്ക് കീഴിൽ കുറച്ചൂടെ പ്രാധാന്യമുള്ള സ്ഥാനം ആയിരുന്നു പീറ്റർ ചെക്കിന് ഉള്ളത്. ഗോൾ കീപ്പറുടെ പാസിൽ നിന്ന് കളി സൃഷ്ടിക്കുന്ന രീതിയാണ് മുൻ പി.എസ്.ജി പരിശീലകൻ കൂടിയായ ഉനൈ എംറി നടപ്പിൽ വരുത്തുന്നത്. ഇങ്ങനെയുള്ള ഒരു രീതി പീറ്റർ ചെക്കിന് പിന്തുടരാനാവില്ല എന്നാണ് വിമർശകർ ആരോപിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
