യുവതാരത്തെ പുകഴ്ത്തി പെപ് ഗ്വാർഡിയോള

യുവതാരം റിക്കോ ലൂയിസിനെയും മാഞ്ചസ്റ്റർ സിറ്റി അക്കാദമിയേയും പുകഴ്ത്തി പെപ്പ് ഗ്വാർഡിയോള. സെവിയ്യക്കെതിരായ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഗോൾ കണ്ടെത്തിയ താരത്തിന്റെ പ്രകടനമാണ് കോച്ചിന്റെ അഭിനന്ദനത്തിന് പാത്രമാക്കിയത്.
“ഇത്തവണ പ്രീ സീസണിന്റെ ആദ്യ ദിനം മുതൽ ഞങ്ങൾ അവനെ ശ്രദ്ധിക്കുന്നുണ്ട്. അസാമാന്യ പ്രതിഭയുള്ള താരമാണ്. ചിന്തിക്കാനും കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിച്ചെടുക്കാനുള്ള കഴിവും ഉണ്ട്.” പെപ്പ് പറഞ്ഞു. അടുത്ത കാലത്ത് മികച്ച യുവതാരങ്ങളെ വാസത്തെടുക്കുന്ന സിറ്റിയുടെ അക്കാദമിയുടെ നിലവാരത്തെയും പെപ്പ് ചൂണ്ടിക്കാണിച്ചു.

പെപ് 20221103 073655

“വാൾക്കറിനും കാൻസലോക്കും പകരക്കാരെ എത്തിക്കണമെന്ന് ആലോചിച്ചിട്ടുണ്ട്, പക്ഷെ അത്തരമൊരു താരത്തെ അക്കാദമി തന്നെ ടീമിന് നൽകി. സാമ്പത്തിക പരമായും ഇത് ടീമിനെ സഹായിക്കും.” പെപ്പ് പറഞ്ഞു. ഡയറക്ടർ ആയ വിൽകോക്‌സിന് കീഴിൽ അവർ നന്നായി പ്രവർത്തിക്കുന്നുണ്ട് എന്നും അടുത്ത കാലത്ത് ഫോഡൻ, പാമർ, മക്അറ്റി തുടങ്ങിയ മികച്ച യുവതാരങ്ങളെ വളർത്തിയെടുക്കാൻ സിറ്റി അക്കാദമിക്ക് സാധിച്ചു എന്നും പെപ്പ് കൂടിച്ചേർത്തു.

ചാമ്പ്യൻസ് ലീഗിൽ സിറ്റിയുടെ പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറിയിരുന്നു റിക്കോ ലൂയിസ്. ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റത്തിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന ബെൻസിമയുടെ റെക്കോർഡും ലൂയിസ് മറികടന്നിരുന്നു.