മാഞ്ചസ്റ്റർ സിറ്റിയിലെ പെപ് കാലം അവസാനിക്കുമോ?

മാഞ്ചസ്റ്റർ സിറ്റിയുടെ യൂറോപ്പിലെ വിലക്ക് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാർക്ക് ചെറിയ പ്രശ്നങ്ങൾ ഒന്നുമായിരിക്കില്ല നൽകുന്നത്. അതിൽ പ്രധാനം പെപ് ഗ്വാർഡിയോള ആകും. ഫൈനാൻഷ്യൽ ഫെയർ പ്ലേയിൽ ഇത്ര വലിയ ശിക്ഷ ലഭിക്കാൻ പ്രധാന കാരണം ഗ്വാർഡിയോള തന്നെയാണ് എന്നാണ് സിറ്റിയുടെ ഉടമകൾ കരുതുന്നത്. മികച്ച താരങ്ങളെ എന്ത് വില കൊടുത്തും വാങ്ങണമെന്ന പെപിന്റെ വാശിക്കു വഴങ്ങിയ സിറ്റി ഗ്രൂപ്പ് സിറ്റിയെ ലോകത്തെ തന്നെ ഏറ്റവും സമ്പന്ന സ്ക്വാഡാക്കി മാറ്റിരുന്നു.

ഇത് രണ്ട് സീസണിൽ തുടർച്ചയായ പ്രീമിയർ ലീഗ് കിരീടങ്ങൾ നേടാനും സിറ്റിയെ സഹായിച്ചു. എന്നാൽ ഈ സീസൺ തുടക്കം മുതൽ സിറ്റിയുടെ സമ്പന്ന സ്ക്വാഡിനു പിഴക്കാൻ തുടങ്ങി. പ്രീമിയർ ലീഗ് കിരീടം നഷ്ടമാകും എന്ന് ഉറപ്പായപ്പോൾ തന്നെ പെപിന്റെ ഭാവി സംശയത്തിൽ ആയിരുന്നു. ആ സമയത്താണ് ഈ വിലക്കും വരുന്നത്. ഗ്വാർഡിയോളയുടെ സിറ്റിയിലെ അന്ത്യമാകും ഇത് എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.

യുവന്റസിലേക്ക് പെപ് എത്തും എന്നും കഴിഞ്ഞ ആഴ്ചകളിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആ അഭ്യൂഹങ്ങൾ സത്യമായാലും ഇനി അത്ഭുതപ്പെടാൻ ഇല്ല. എന്തായാലും പണം വാരി എറിഞ്ഞ് കപ്പ് ഉയർത്തുന്ന പെപ് ശൈലിക്ക് തന്നെ വലിയ തിരിച്ചടിയായി ഈ യുവേഫ വിധി മാറും. പെപിന്റെ ഭാവി മാത്രമല്ല സിറ്റിയിലെ പല പ്രധാന താരങ്ങളും ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഇല്ലായെങ്കിൽ ക്ലബ് വിട്ടേക്കും.