യുവതാരം ഫകുണ്ടോ പെലിസ്ട്രിയെ ലോണിൽ അയക്കാൻ യുണൈറ്റഡ് നീക്കം. ടീമിൽ എത്തിയിട്ട് രണ്ടു സീസൺ ആയെങ്കിലും പ്രിമിയർ ലീഗ് അരങ്ങേറ്റം ഇതുവരെ സാധ്യമാകാത്ത താരത്തിന് കൂടുതൽ മത്സര പരിചയം നൽകാൻ ആണ് യുനൈറ്റഡ് ആഗ്രഹിക്കുന്നത്. ജനുവരിയിൽ താരത്തിനെ ലോണിൽ അയക്കാനാണ് യുനൈറ്റഡ് നീക്കമെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു. ഏകദേശം പത്ത് മില്യൺ യൂറോക്കാണ് താരത്തെ 2020ൽ യുനൈറ്റഡ് ടീമിലേക്ക് എത്തിച്ചത്.
അതേ സമയം ഈ സീസണോടെ താരം ടീം വിടാനും സാധ്യതയുണ്ട്. പ്രതിഭധനനായ താരത്തിന് പിറകെ പല ക്ലബ്ബുകളും ഉണ്ട്. യുനൈറ്റഡിൽ എത്തിയ ശേഷം തുടർച്ചയായ രണ്ടു തവണ ഡിപ്പോർടിവോ അലാവസിന് വേണ്ടി ലോണിൽ കളിച്ചിരുന്നു. ആകെ മുപ്പതോളം മത്സരങ്ങൾ സ്പാനിഷ് ടീമിനായി ഇറങ്ങി. നിലവിലെ സീസണിലും താരത്തെ ലോണിൽ അയക്കാനായിരുന്നു പദ്ധതി എങ്കിലും പരിക്ക് വിനയായി.
പെലിസ്ട്രി യുനൈറ്റഡ് വിട്ടേക്കും എന്ന സൂചനകൾ താരത്തിന്റെ ഏജന്റ് കഴിഞ്ഞ നൽകിയിരുന്നു. ഉറുഗ്വേ ദേശിയ ടീമിന്റെ ഭാഗമായ പെലിസ്ത്രി ലോകകപ്പ് ടീമിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ താരത്തിന് സാധിച്ചാൽ ടീം മാറ്റം ഉറപ്പാണെന്ന് ഇഎസ്പിഎന്നിനോട് സംസാരിക്കവെ താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ഉറുഗ്വേ ദേശിയ ടീമിന് വേണ്ടി ഏഴ് മത്സരങ്ങൾ ഇത് വരെ കളിച്ചിട്ടുണ്ട് താരം.