ചെൽസിയുടെ സ്പാനിഷ് താരം പെഡ്രോ 2020 വരെ ചെൽസിയിൽ തുടരും. 2015ലാണ് പെഡ്രോ ബാഴ്‌സലോണയിൽ നിന്ന് ചെൽസിയിൽ എത്തുന്നത്. നേരത്തെ 2019 വരെയാണ് താരത്തിന് കരാർ ഉണ്ടായിരുന്നത്. അത് ഒരു വർഷം കൂടി നീട്ടുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ലീഗ് കപ്പ് കിരീടങ്ങൾ താരം ഈ കാലയളവിൽ നേടിയിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ അന്റോണിയോ കോണ്ടെക്ക് കീഴിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ചെൽസി വിടുമെന്ന വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ വെറും 17 പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് താരം ആദ്യ പതിനൊന്നിൽ സ്ഥാനം നേടിയിരുന്നത്. ചെൽസിക്ക് വേണ്ടി 131 മത്സരങ്ങൾ കളിച്ച പെഡ്രോ 28 ഗോളുകളും നേടിയിട്ടുണ്ട്. പുതിയ കോച്ച് സാരിക്ക് കീഴിൽ പ്രീ സീസണിൽ പെഡ്രോ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.