മാഞ്ചസ്റ്റർ ചുവന്നു!!! സിറ്റിയെ ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചുരുട്ടുക്കൂട്ടി

- Advertisement -

മാഞ്ചസ്റ്റർ വീണ്ടും ചുവന്നു!! അവസാന കുറെകാലമായി മാഞ്ചസ്റ്റർ സിറ്റിയാണ് വലിയ ക്ലബ് എങ്കിലും മാഞ്ചസ്റ്റർ ഡെർബിയിൽ ആ വലുപ്പം ഒക്കെ ആവേശത്തിൽ ചെറുതാകുന്നതാണ് കണ്ടത്. ഇന്ന് സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദ് സ്റ്റേഡിയത്തിം മാഞ്ചസ്റ്റർ സിറ്റിയെ യുണൈറ്റഡ് ചുരുട്ടുക്കൂട്ടുന്നത് തന്നെയാണ് കണ്ടത്. ഒലെയുടെ സംഘം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്.

കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിലാണ് തുടങ്ങിയത്. തുടരെ തുടർവ് കൗണ്ടർ അറ്റാക്കുകൾ നടത്തിയ യുണൈറ്റഡിന്റെ ആദ്യ ഗോൾ വന്നത് ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു. റാഷ്ഫോർഡ് നേടിയ പെനാൾട്ടി താരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. പിന്നാലെ മാർഷ്യലിന്റെ ബൂട്ടിൽ നിന്ന് രണ്ടാം ഗോളും പിറന്നു.

ജെയിംസിന്റെ പാസിൽ നിന്ന് ഒരു ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു മാർഷ്യലിന്റെ ഗോൾ. ഇതിനു ശേഷം ഡിഫൻഡിംഗിൽ ശ്രദ്ധ കൊടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് സിറ്റിയുടെ കടുത്ത സമ്മർദ്ദങ്ങൾ അതിജീവിക്കേണ്ടി വന്നു. കളിയുടെ അവസാനം 85ആം മിനുട്ടിൽ സിറ്റിക്ക് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ വന്നു. ഒരു കോർണറിൽ നിന്ന് ഒറ്റമെൻഡിയാണ് സിറ്റിയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. പിന്നാലെ ഡിഫൻസീവ് മാറ്റങ്ങൾ വരുത്തി ഒലെ വിജയം ഉറപ്പിച്ചു.

ഈ വിജയം പരിശീലകൻ സോൾഷ്യാറിന്റെ ഭാവിയിയെ കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കും. യുണൈറ്റഡിനെ ഈ ജയം തൽക്കാലത്തേക്ക് അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. സിറ്റിക്കാകട്ടെ ഈ അവരുടെ കിരീട പ്രതീക്ഷകൾ അവസാനിപ്പിച്ചിരിക്കുകയാണ്. മൂന്നാം സ്ഥാനത്തുള്ള സിറ്റി ഇപ്പോൾ ലിവർപൂളിനേക്കാൾ 14 പോയന്റ് പിറകിലാണ്.

Advertisement