സന്തോഷം എന്ന ടാക്ടിക്സ്, ഇത് ഒലെയുടെ ചിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സന്തോഷം എന്ന ടാക്ടിക്സ് ഫുട്ബോൾ ലോകത്ത് ഇതുവരെ ആരെങ്കിലും പരീക്ഷിച്ചിട്ടുണ്ടോ എന്ന് അറിയില്ല. പക്ഷെ ഒലെ ഗണ്ണാർ സോൾഷ്യർ എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം സന്തോഷം മാത്രം ടാക്ടിക്സായി വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചരിത്രം എഴുതി തുടങ്ങുകയാണ്. സർ അലക്സ് ഫെർഗൂസൺ ക്ലബ് വിട്ടതു മുതൽ സന്തോഷം എന്താണെന്ന് അറിയാതെ വിഷമിക്കുകയായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും താരങ്ങളും ക്ലബുമായി ബന്ധപ്പെട്ട എല്ലാവരും.

ഫെർഗൂസൺ പോയി മോയ്സ് പരിശീലകനായി വന്ന കാലത്ത് പ്രീമിയർ ലീഗ് കണ്ട എക്കാലത്തെയും മികച്ച ഡിഫൻഡറായ വിഡിചിനോട്, അന്ന് എവർട്ടൺ ഡിഫൻഡറായിരുന്ന ജഗിയേൽകയുടെ ഡിഫൻഡിങ് കണ്ട് പഠിക്കാൻ പറഞ്ഞ് മോയ്സ് അപമാനിച്ചത് വലിയ കഥയായിരുന്നു. ആ മോയ്സ് മുതൽ പോഗ്ബ വൈറസ് ആണെന്ന് പറഞ്ഞ മൗറീനോ വരെ‌ ദുഖങ്ങളും നിരാശകളും അല്ലാതെ ഒന്നും മാഞ്ചസ്റ്ററിൽ ബാക്കി വെച്ചില്ല.


ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് ഫുട്ബോൾ ടീമുകളിൽ ഒന്നായി അറിയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആയിരുന്നു വർഷങ്ങളായി ഈ ദുരിത തുരുത്തിൽ അകപ്പെട്ട് പോയത്. ബാഴ്സലോണ, അയാക്സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ മൂന്ന് ക്ലബുകൾക്കും എന്നും ലോക ഫുട്ബോളിന്റെ പ്രത്യേക സ്നേഹം ഉണ്ടായിരുന്നു. ഇതിന് കാരണം ഈ ക്ലബുകളുടെ ഫുട്ബോൾ ഫിലോസഫി ആയിരുന്നു. എന്നും യുവതാരങ്ങളെ വളർത്തി കൊണ്ടു വരുന്നതും ഏതു വലിയ സ്റ്റേജിലും പോസിറ്റീവ് ഫുട്ബോൾ കളിക്കുക എന്നതും ആയിരുന്നു ഈ ക്ലബുകളുടെ പ്രത്യേകതകൾ. പരിശീലകർ മാറി വന്നാലും ക്ലബിന്റെ കളി ശൈലി ബാഴ്സലോണയിലും അയാക്സിലും മാറില്ല. യുണൈറ്റഡിലും അതായിരുന്നു ഫെർഗി പോകുന്നത് വരെ അവസ്ഥ.

ഇപ്പോൾ ഒലെ വന്നപ്പോൾ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് യുണൈറ്റഡിന്റെ രക്തം തിരിച്ചു കിട്ടിയത്. കഴിഞ്ഞ കളിയിൽ എമിറേറ്റ്സിൽ 2-1ന് മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിട്ട് നിക്കുന്ന സമ്മർദ്ദം ഏറെയുള്ള സമയത്തും ഡഗൗട്ടിൽ ഒലെയും ബെഞ്ചും നിറ പുഞ്ചിരിയുമായി തമാശകൾ പങ്കുവെക്കുകയായിരുന്നു. രോഷം അല്ലാതെ ഒന്നും പ്രകടിപ്പിക്കാത്ത മൗറീനോയിൽ നിന്ന് ഈ ചിരിയിലേക്കുള്ള മാറ്റം ഇത്ര എളുപ്പത്തിൽ സാധിച്ചത് ഒലെയുടെ മാൻ മാനേജിംഗ് മികവ് കൊണ്ടാണ്.

ഒരു തെറ്റ് പോലും ഗ്രൗണ്ടിൽ പറ്റാൻ അനുവാദം ഇല്ലാത്ത രീതിയിലായിരുന്നു മൗറീനോയുടെ ടാക്ടിക്സ്. അതുകൊണ്ട് തന്നെ തെറ്റ് പറ്റുമോ എന്ന് പേടിച്ച് പേടിച്ച് ഒട്ടും ധൈര്യം കാണിക്കാത്ത ഫുട്ബോൾ ആയിരുന്നു ടീം മുഴുവനായും മൗറീനോയ്ക്ക് കീഴിൽ കളിച്ചത്. ഒലെയുടെ ടീം അങ്ങനെയല്ല. ഒലെ പരമാവധി റിസ്ക് എടുക്കാൻ ആണ് ടീമിനോട് പറയുന്നത്. ധൈര്യം കാണിച്ചാലെ അത്ഭുതങ്ങൾ ഉണ്ടാകു എന്ന വിശ്വാസം.

ഡിഫൻസിൽ നിന്ന് ലിൻഡെലോഫും ജോൺസും ഒക്കെ പന്ത് എടുത്ത് എതിർ ബോക്സ് വരെ കുതിക്കുന്നത് കാണാൻ കഴിയുന്നത് ഇതുകൊണ്ടാണ്. മാർഷ്യൽ, റാഷ്ഫോർഡ്, പോഗ്ബ എന്നിവരെ ഡിഫൻസീവ് ഡ്യൂട്ടി സ്ഥിരമായി ഓർമ്മിപ്പിച്ച ജോസെ അവരെ പ്രതിരോധ ഹാഫിൽ തന്നെ എപ്പോഴും നിർത്തിയപ്പോൾ ഒലെയുടെ വാക്കുകൾ തീർത്തും എതിരായിരുന്നു. “പോഗ്ബ, റാഷ്ഫോർഡ്, മാർഷ്യൽ, ലിംഗാർഡ് എന്നിവർ നിങ്ങളുടെ ഡിഫൻസിനു നേരെ ഓടിവരുന്നത് നിങ്ങൾക്ക് എത്ര ഭയമുണ്ടാക്കും. അങ്ങനെ ഇരിക്കെ എന്തിന് അവരോട് ഡിഫൻസീവ് ഹാഫിൽ നിൽക്കാൻ പറയണം” ഇതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ മാറ്റം.

ഒരു താരത്തിൽ മാത്രമല്ല ഇത് എല്ലാ ഭാഗത്തും ഉണ്ട്. ലോണിൽ അയക്കാൻ തീരുമാനിച്ചിരുന്ന യുവ താരങ്ങളെ ലോണിൽ അയക്കേണ്ട എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് റിസേർവ് ടീം പരിശീലകൻ നിക്കി ബട്ട് തീരുമാനിച്ചു. എന്തുകൊണ്ടാണ് എന്ന് ചോദിച്ചപ്പോൾ ഈ യുവതാരങ്ങൾക്ക് ഒലെ അവസരം കൊടുക്കും എന്ന് വിശ്വാസം ഉള്ളതു കൊണ്ടാണ് എന്ന മറുപടി വന്നു. എല്ലാവിടെയും ഒലെ സന്തോഷം വിതയ്ക്കുകയാണ്.

കാർഡിഫിനെതിരെ ആദ്യ മത്സരത്തിൽ ഒലെ വിജയിച്ചപ്പോൾ അത് കാർഡിഫിൽ അല്ലെ എന്ന് പറഞ്ഞു. അഞ്ചു മത്സരങ്ങൾ തുടരെ ജയിച്ചപ്പോൾ അതൊക്കെ എളുപ്പമുള്ള ഫിക്സ്ചർ ആണെന്ന് പറഞ്ഞു. വെംബ്ലിയിൽ ചെന്ന് ടോട്ടൻഹാമിനെ തന്നെ ഒലെ വീഴ്ത്തി.

വിമർശകർ വിട്ടില്ല ഡി ഹിയ മാജിക്ക് കൊണ്ട് രക്ഷപ്പെട്ടതാണ് എന്ന് പറഞ്ഞു. സാഞ്ചസിനെയും ലുകാലുവിനെയും ഫോമിൽ എത്തിക്കാൻ ആവുമോ എന്ന് ചോദിച്ചു. ഒലെയും വിട്ടില്ല. ആഴ്സണലിനെതിരെ എമിറേറ്റ്സിൽ, ഡി ഹിയ ഇല്ല, ലുകാകുവും സാഞ്ചേസും ആദ്യ ഇലവനിൽ. ലുകാകു ഫിസിക്കൽ ആയി കളിക്കുന്ന ലോൺ സ്ട്രൈക്കർ ആയിരുന്നില്ല എമിറേറ്റ്സിൽ. നമ്മളൊക്കെ ലോകകപ്പിലെ ബെൽജിയം vs ബ്രസീൽ മാച്ചിൽ കണ്ട ശരവേഗത്തിൽ പായുന്ന കൗണ്ടറുകൾക്ക് ചുക്കാൻ പിടിക്കുന്ന ലുകാകുവായി മാറി. രണ്ട് ഗംഭീര അസിസ്റ്റ്. സാഞ്ചേസ് എമിറേറ്റ്സ് കണ്ടു പഴകിയ സാഞ്ചേസായി. ഒന്നാന്തരം ഒരു ഫിനിഷിൽ എമിറേറ്റ്സ് സ്റ്റേഡിയത്തെ നിശബ്ദരാക്കി. 3-1ന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവും ലിംഗാർഡിന്റെ നൃത്തവും.

തുടരെ തുടരെ എട്ടു വിജയങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ചരിത്രത്തിൽ ആദ്യമായാണ് ഒരു പരിശീലകൻ ഇങ്ങനെ തുടക്കത്തിൽ എട്ടു വിജയങ്ങൾ സ്വന്തമാക്കുന്നത്. സർ അലക്സ് ഫെർഗൂസന് മാഞ്ചസ്റ്ററിൽ തന്റെ ആദ്യ എട്ടു വിജയങ്ങളിൽ എത്താൻ 19 മത്സരങ്ങൾ കഴിയേണ്ടി വന്നിരുന്നു.

സോൾഷ്യാറിന്റെ തുടക്കം മാത്രമാണിത്. പി എസ് ജിയും ലിവർപൂളും ഒക്കെ വരും ആഴ്ചകളിൽ മുന്നിൽ ഉണ്ട്. ചിലപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ഥിര പരിശീലകൻ എന്ന പദവിയും ഒലെയ്ക്ക് സീസൺ അവസാനത്തിൽ ലഭിച്ചേക്കില്ല. പക്ഷെ ഒലെ ഈ ചെറിയ കാലയളവിൽ തിരികെ കൊണ്ട് വന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്ന സന്തോഷത്തെയാണ്. മാഞ്ചസ്റ്റർ പഴയ മാഞ്ചസ്റ്റർ ആവുകയാണ്. പണ്ട് അലക്സ് ഫെർഗൂസന്റെ റെഡ് ഡെവിൾസ് ആയിരുന്നു എങ്കിൽ ഇത് ഒലെയുടെ റെഡ് ഏഞ്ചൽസ് ആണ്. സന്തോഷം മാത്രം തരുന്ന ചുവന്ന മാലാഖമാർ.