മുന്നിൽ നിന്നു നയിക്കാൻ മാർട്ടിൻ ഒഡഗാർഡ് തന്നെ! ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ ഒപ്പ് വെച്ചു!

Wasim Akram

ആഴ്‌സണലിൽ പുതിയ ദീർഘകാല കരാർ ഒപ്പ് വെച്ചു ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ്. 2028 വരെ പുതിയ 5 വർഷ കരാറിൽ ആണ് നോർവെ താരം ക്ലബിൽ പുതിയ കരാർ ഒപ്പ് വെച്ചത്. ഇതോടെ ആഴ്‌സണലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായും 24 കാരനായ ഒഡഗാർഡ് മാറും. ക്ലബിൽ തുടരുന്നതിൽ തന്റെ സന്തോഷം വ്യക്തമാക്കിയ താരം ആഴ്‌സണലിൽ കിരീടങ്ങൾ നേടുകയാണ് തന്റെ ലക്ഷ്യം എന്നും കൂട്ടിച്ചേർത്തു.

ഒഡഗാർഡ്

റയൽ മാഡ്രിഡിൽ നിന്നു ആഴ്‌സണലിൽ ആദ്യം ലോണിൽ എത്തിയ താരത്തെ തുടർന്ന് ക്ലബ് സ്ഥിരമായി സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ ടീമിന്റെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട ഒഡഗാർഡ് കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗോൾ നേടിയിരുന്നു. ഇതിനകം തന്നെ ബുകയോ സാക, ഗബ്രിയേൽ മാർട്ടിനെല്ലി, വില്യം സലിബ, ഗബ്രിയേൽ, ആരോൺ റാംസ്ഡേൽ എന്നിവരുടെ കരാർ പുതുക്കിയ ആഴ്‌സണൽ തങ്ങളുടെ മറ്റൊരു പ്രധാനപ്പെട്ട താരത്തെയും ക്ലബിൽ നിലനിർത്തിയിരിക്കുകയാണ്.