ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ‘വാർ’ സൃഷ്ടിക്കുന്ന വിവാദങ്ങൾക്ക് അന്ത്യം ആവുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ മത്സരത്തിൽ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ ആദ്യ ഗോൾ നിരസിച്ച ‘വാർ’ തീരുമാനം ആണ് ഇപ്പോൾ വിവാദത്തിൽ ആയത്. സാകയുടെ പാസിൽ നിന്നു മാർട്ടിനെല്ലി നേടിയ ഗോൾ ഇതിനു മുമ്പ് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡഗാർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റിയൻ എറിക്സനെ ഫൗൾ ചെയ്തു എന്ന കാരണത്താൽ നീണ്ട വാർ പരിശോധനക്ക് ശേഷം റഫറി നിഷേധിക്കുക ആയിരുന്നു. ഇതിന് എതിരെയാണ് ഒഡഗാർഡ് രംഗത്ത് വന്നത്.
ഇത് ഒരിക്കലും ഫൗൾ ആയിരുന്നില്ല എന്നു പറഞ്ഞ ഒഡഗാർഡ് റഫറിയുടെ തീരുമാനം തെറ്റാണെന്ന് തുറന്നടിച്ചു. ക്യാമറയിൽ എന്തും പെരുപ്പിച്ചു കാണാമെന്നും അതിനെ തുടർന്ന് വന്ന തീരുമാനം നിരാശ നൽകുന്നു എന്നും താരം പറഞ്ഞു. താൻ എറിക്സനെ ചെറുതായി തൊടുക ആണ് ഉണ്ടായത് എന്നു പറഞ്ഞ താരം വളരെ സോഫ്റ്റ് ആയ തീരുമാനം ആണ് റഫറി എടുത്തത് എന്നും പറഞ്ഞു. എപ്പോഴും ഇത് പ്രീമിയർ ലീഗ് ആണ് ഇവിടെ കായികപരമായ കളി കാണാം എന്നു പറഞ്ഞിട്ട് ഇത്രയും സോഫ്റ്റ് തീരുമാനങ്ങൾ ഉണ്ടാവുന്നത് എങ്ങനെ ആണെന്ന് തനിക്ക് മനസ്സിലാവുന്നില്ലെന്നും ആഴ്‌സണൽ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരങ്ങളിൽ ആയി നിരവധി വിവാദപരമായ മണ്ടത്തരങ്ങൾ ആണ് ‘വാർ’ വരുത്തുന്നത്.