ന്യൂനോ എസ്പിരിറ്റോ സാന്റോയെ ഹെഡ് കോച്ചായി നിയമിച്ചതായി നോട്ടിംഗ്ഹാം ഫോറസ്റ്റ് ഇന്ന് സ്ഥിരീകരിച്ചു. രണ്ടര വർഷത്തെ കരാറിലാണ് നുനോ ക്ലബ്ബിൽ ചേരുന്നത്. ശനിയാഴ്ച സിറ്റി ഗ്രൗണ്ടിൽ ഫോറസ്റ്റ് ബോൺമൗത്തിനെ നേരിടുന്ന മത്സരത്തിൽ അദ്ദേഹം ചുമതല ഏറ്റെടുക്കും.
പ്രീമിയർ ലീഗ്, ലാ ലിഗ, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുൾപ്പെടെ തന്റെ കരിയറിൽ 460-ലധികം മത്സരങ്ങൾ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് 49-കാരൻ ഇംഗ്ലണ്ടിൽ മടങ്ങിയെത്തുന്നത്.
വോൾവർഹാംപ്ടൺ വാണ്ടറേഴ്സിന്റെ പരിശീലകനായി ഇംഗ്ലണ്ടിൽ മികച്ച പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിക്കാൻ അദ്ദേഹത്തിനായി. ന്യൂനോ വോൾവ്‌സിനെ യൂറോപ്പിലേക്കും നയിച്ചു. 2019/20 ലെ യൂറോപ്പ ലീഗിന്റെ ക്വാർട്ടർ ഫൈനലിലേക്ക് അവരെ എത്തിച്ചിരുന്നു.
ടോട്ടൻഹാം ഹോട്‌സ്‌പറിന്റെ പരിശീലകനായും സൗദി അറേബ്യയിൽ അൽ-ഇത്തിഹാദിനൊപ്പവും അദ്ദേഹം ഉണ്ടായിരുന്നു.