ലീഗിൽ വീണ്ടും മികച്ച പ്രകടനത്തോടെ സീസണിന് പുനരാരംഭം കുറിച്ച് ന്യൂകാസിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ആതിഥേയരെ വീഴ്ത്തി ന്യൂകാസിൽ ലീഗിൽ തൽക്കാലികമായിട്ടെങ്കിലും രണ്ടാം സ്ഥാനത്തേക്ക് കയറി. ക്രിസ് വുഡ്, ആൽമിറോൻ, ജോയലിന്റൻ എന്നിവരാണ് ജേതാക്കൾക്കായി ഗോൾ കണ്ടെത്തിയത്. ലെസ്റ്റർ പതിമൂന്നാം സ്ഥാനത്താണ്.
സീസണിന്റെ ആദ്യ പകുതിയിൽ നിർത്തിയേടത്തു നിന്നും തുടങ്ങുന്ന പ്രകടനമായിരുന്നു ന്യൂകാസിലിന്റേത്. കൂടുതൽ ഒഴുക്കോടെയുള്ള പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിച്ചപ്പോൾ ലെസ്റ്റർ പ്രതിരോധം പലപ്പോഴും ആടിയുലഞ്ഞു. ആദ്യ മിനിറ്റുകളിൽ തന്നെ ഗോൾ കണ്ടെത്തി ന്യൂകാസിൽ മത്സരം വരുതിയിലാക്കി. ബോക്സിന് തൊട്ടു പുറത്തു വെച്ച് മിസ്പാസ് പിടിച്ചെടുത്തു കൊണ്ടുള്ള ന്യൂകാസിൽ നീക്കം തടയാനുള്ള ശ്രമത്തിനിടയിൽ അമാർട്ടെക്ക് ജോയലിന്റണെ വീഴ്ത്തിയപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിസിലൂതി.
കിക്ക് എടുത്ത ക്രിസ് വുഡ് വലകുലുക്കുമ്പോൾ മത്സരം ആരംഭിച്ചിട്ട് മൂന്ന് മിനിറ്റ് ആയിരുന്നുള്ളൂ. ആതിഥേയർക്ക് തിരിച്ചു വരാനുള്ള അവസരം നൽകാതെ നാല് മിനിറ്റിനു ശേഷം ന്യൂകാസിൽ വീണ്ടും ലക്ഷ്യം കണ്ടു. വലത് വിങ്ങിൽ നിന്നും ബ്രൂണോക്ക് പാസ് നൽകി ബോക്സിലേക്ക് ഓടിക്കയറിയ ആൽമിറോൻ തിരിച്ചു ബോൾ സ്വീകരിച്ചു എതിർ പ്രതിരോധത്തെയും കീപ്പറേയും മറികടന്ന് പന്ത് വലയിൽ എത്തിച്ചു. ഡാക്ക് ലഭിച്ച ഒരു അവസരം താരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.
ഇടക്ക് എതിർ ബോക്സിന് അടുത്ത് വരെ ലെസ്റ്ററിന് സാധിച്ചെങ്കിലും എല്ലാം ന്യൂകാസിൽ പ്രതിരോധത്തിൽ തട്ടി മടങ്ങി. മുപ്പത്തിരണ്ടാം മിനിറ്റിൽ മൂന്നാം ഗോൾ എത്തി. ട്രിപ്പിയറിന്റെ ഹെഡറിൽ നിന്നും ജോയലിന്റൻ അനായാസം ഹെഡർ ഉതിർത്തു. പിന്നീട് ക്രിസ് വുഡിന് ലഭിച്ച മികച്ച ഒരവസരം താരം ബാറിന് മുകളിലൂടെ കടന്ന് പോയി.
രണ്ടാം പകുതിയിൽ ലെസ്റ്റർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാർഡി, ഇഹ്യോനാച്ചോ എന്നിവർ എത്തിയതോടെ ന്യൂകാസിൽ ഡിഫെൻസിൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ അവർക്കായി. എൻഡിഡിയുടെ വോളിയും വാർഡിയുടെ നീക്കവും തടയാൻ നിക് പോപ്പിനായി.