പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തിയ നോർവിച്ച് സിറ്റി തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ കാരോ റോഡിൽ നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ ആണ് നോർവിച്ച് സിറ്റി തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം. കഴിഞ്ഞ സീസണിൽ ചാമ്പ്യൻഷിപ്പിലെ ടോപ്പ് സ്കോറർ ആയിരുന്ന പുക്കി ആണ് ഇന്ന് നോർവിച്ചിന് വിജയം സമ്മാനിച്ചത്.
ആദ്യ മത്സരത്തിൽ ലിവർപൂളിനെതിരെ ഒരു ഗോൾ നേടിയിരുന്ന പുക്കി ഇന്ന് ഹാട്രിക്കുമായാണ് തിളങ്ങിയത്. കളിയുടെ 32ആം മിനുട്ടിൽ ഒരു ഗംഭീര വോളിയിലൂടെ ആയിരുന്നു പുക്കിയുടെ ആദ്യ ഗോൾ. ആ ഗോൾ തന്നെ പുക്കി പ്രീമിയർ ലീഗിനെയും വിറപ്പിക്കാൻ കഴിവുള്ള താരമാണെന്ന് കാണിച്ചു തന്നു. 63ആം മിനുട്ടിലും 75ആം മിനുട്ടിലുമായിരുന്നു പുക്കിയുടെ ബാക്കി രണ്ട് ഗോളുകൾ രണ്ട് ഗോളിനും അവസരം ഒരുക്കിയത് കാന്റ്വെൽ ആയിരുന്നു. 26 വർഷത്തിനു ശേഷമാണ് നോർവിച് സിറ്റിക്ക് വേണ്ടി ഒരു താരം പ്രീമിയർ ലീഗിൽ ഹാട്രിക്ക് നേടുന്നത്.
കളിയുടെ അവസാന നിമിഷം ജോഞ്ചോ ഷെൽവി ആണ് ന്യൂകാസിലിനായി ആശ്വാസ ഗോൾ നേടിയത്. ന്യൂകാസിലിന് ഇത് തുടർച്ചയായ രണ്ടാം പരാജയമാണ്. റാഫാ ബെനിറ്റെസ് ക്ലബ് വിട്ടതോടെ ന്യൂകാസിൽ തകരും എന്ന ഫുട്ബോൾ നിരീക്ഷകരുടെ വിലയിരുത്തലുകൾ ശരിയാകുമെന്ന സൂചനകളാണ് ന്യൂകാസിലിന്റെ പ്രകടനങ്ങൾ നൽകുന്നത്.