ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ന്യൂകാസ്റ്റിൽ യുണൈറ്റഡ് പരാജയപ്പെട്ടു. നോട്ടിങ്ഹാം ഫോറസ്റ്റിന് എതിരെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സ്വന്തം മൈതാനത്ത് ആണ് ന്യൂകാസ്റ്റിൽ പരാജയപ്പെട്ടത്. ലീഗിൽ തുടർച്ചയായ രണ്ടാം പരാജയം ആണ് അവർക്ക് ഇത്. മുൻ ന്യൂകാസ്റ്റിൽ യുണൈറ്റഡ് താരം ക്രിസ് വുഡ് നേടിയ ഹാട്രിക്ക് ആണ് ഫോറസ്റ്റിന് ജയം സമ്മാനിച്ചത്. 23 മത്തെ മിനിറ്റിൽ തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ഇസാക് വഴി ന്യൂകാസ്റ്റിൽ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. ന്യൂകാസ്റ്റിൽ അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഇടക്ക് മികച്ച അവസരങ്ങൾ ഫോറസ്റ്റും സൃഷ്ടിച്ചു.
തുടർന്ന് ആദ്യ പകുതിയുടെ അവസാന നിമിഷം ഒരു കൗണ്ടർ അറ്റാക്കിൽ നിന്നു എലാങയുടെ പാസിൽ നിന്നു ക്രിസ് വുഡ് ഫോറസ്റ്റിന് അർഹിച്ച സമനില സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ നന്നായി ആണ് ഫോറസ്റ്റ് തുടങ്ങിയത്. 53 മത്തെ മിനിറ്റിൽ എലാങയുടെ പാസിൽ നിന്നു ഉഗ്രൻ ഡ്രിബിളിനു ശേഷം മികച്ച ഷോട്ടിലൂടെ ഗോൾ നേടിയ വുഡ് ഫോറസ്റ്റിന് രണ്ടാം ഗോളും സമ്മാനിച്ചു. 60 മത്തെ മിനിറ്റിൽ ന്യൂകാസ്റ്റിൽ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന വുഡ് മുറില്ലോയുടെ പാസിൽ നിന്നു മികച്ച ഗോൾ നേടി ഫോറസ്റ്റ് ജയം ഉറപ്പിച്ചു. തുടർന്ന് ഗോളിനായി ന്യൂകാസ്റ്റിൽ ശ്രമിച്ചു എങ്കിലും ഫോറസ്റ്റ് പ്രതിരോധം കുലുങ്ങിയില്ല. നിലവിൽ ന്യൂകാസ്റ്റിൽ ഏഴാം സ്ഥാനത്ത് തുടരുമ്പോൾ തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റിന് പുതിയ പരിശീലകൻ നുനോ എസ്പിരിറ്റോ സാന്റോക്ക് കീഴിൽ ഇത് ആദ്യ ജയം ആണ്. ജയത്തോടെ അവർ 16 സ്ഥാനത്തേക്കും ഉയർന്നു.