ഇരട്ട ഗോളുമായി ആൽമിറോൺ; ഫുൾഹാമിനെ കെട്ടുകെട്ടിച്ച് ന്യൂകാസിൽ

സ്വന്തം തട്ടകത്തിൽ വെച്ചു നടന്ന മത്സരത്തിൽ ന്യൂകാസിലിനോട് കനത്ത തോൽവി ഏറ്റുവാങ്ങി ഫുൾഹാം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയം കണ്ടെത്തിയത്. ആൽമിറോൺ ഇരട്ട ഗോളുമായി തിളങ്ങിയപ്പോൾ വിൽസണും ലോങ്സ്റ്റാഫും മറ്റ് ഗോളുകൾ നേടി.

ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടിക്കൊണ്ടു ന്യൂകാസിൽ മത്സരത്തിന്റെ വിധി നിർണയിച്ചു. എട്ടാം മിനിറ്റിൽ തന്നെ ചലോബ ചുവപ്പ് കാർഡുമായി കയറിയതോടെ തന്നെ ഫുൾഹാമിന്റെ പിടി അയഞ്ഞിരുന്നു. പതിനൊന്നാം മിനിറ്റിലാണ് ആദ്യ ഗോൾ എത്തിയത്. ട്രിപ്പിയറുടെ ക്രോസ് പോസ്റ്റിലേക്ക് ഹെഡ് ചെയ്ത് ഇടാനുള്ള വിലോക്കിന്റെ ശ്രമം പഴയെങ്കിലും അവസരം കാത്തിരുന്ന വിൽസണ് ഒഴിഞ്ഞ പോസ്റ്റിലേക്ക് ബോൾ എത്തിക്കേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ.

ന്യൂകാസിൽ 215430

മുപ്പത്തിമൂന്നാം മിറ്റിൽ ആൽമിറോണിന്റെ മനോഹര ഗോളിൽ ന്യൂകാസിൽ ലീഡ് ഉയർത്തി. ഗ്വിമറെസ് ബോക്സിലേക്ക് ഉയത്തി നൽകിയ പാസ് നിലം തൊടുന്നതിന് മുൻപ് കീപ്പർക്കും മുകളിലൂടെ ആൽമിറോൺ വലയിൽ എത്തിച്ചു. ഇടവേളക്ക് പിരിയുന്നതിന് മുൻപ് ലോങ്സ്റ്റാഫും വല കുലുക്കിയതോടെ മൂന്ന് ഗോളിന്റെ ലീഡുമായി ന്യൂകാസിലിന് ഇടവേളക്ക് പിരിഞ്ഞു. രണ്ടാം പകുതിയിൽ ന്യൂകാസിൽ നാലാം ഗോൾ കണ്ടെത്തി.

മർഫിയുടെ പാസിൽ നിന്നും ആൽമിറോൺ തന്നെയാണ് സ്‌കോർ ചെയ്തത്. എൺപതിയെട്ടാം മിനിറ്റിൽ ഫുൾഹാമിന്റെ ആശ്വാസ ഗോൾ മുന്നേറ്റ താരം ബോബി റീഡ് നേടി. വിജയത്തോടെ ന്യൂകാസിലിന് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള ഫുൾഹാമിന് തൊട്ടു മുകളിൽ എത്താനായി.