സമനിലയിൽ പിരിഞ്ഞ് ന്യൂകാസിലും ക്രിസ്റ്റൽ പാലസും

Nihal Basheer

20220903 215956

സ്വന്തം ഗ്രൗണ്ടിൽ വെച്ചു ക്രിസ്റ്റൽ പാലസിനെ നേരിട്ട ന്യൂകാസിലിന് സമനില. ഗോളുകൾ പിറക്കാതെ പോയ മത്സരത്തിൽ ഇരു ടീമുകളും പോയിന്റ് പങ്കു വെച്ചു. ആറു മത്സരങ്ങളിൽ നിന്നും ഏഴു വീതം പോയിന്റ് ആണ് ഇരു ടീമുകൾക്കും ഉള്ളത്.

ഇസാക് തന്നെ ന്യൂകാസിലിന്റെ മുന്നേറ്റത്തെ നയിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും പലതവണ എതിർ ബോക്സിലേക്ക് ബോൾ എത്തിച്ചു. ക്രിസ്റ്റൽ പാലസ് പ്രതിരോധ നിരക്ക് മുകളിൽ സമ്മർദ്ദം ചെലുത്തി നേടിയെടുത്ത ബോൾ ഇസാക് കീപ്പറുടെ കൈകളിലേക്ക് തന്നെ നൽകി. മട്ടെറ്റ ഉതിർത്ത ഷോട്ട് ന്യൂകാസിൽ കീപ്പർ നിക് പോപ്പ് തടുത്തു. ജോയേലിന്റണ് കിട്ടിയ അവസരം ഗോൾ ലൈൻ സേവുമായി ഡൗക്കോറേ പാലസിന്റെ രക്ഷക്കെത്തി. നിരവധി അവസരങ്ങൾ പിറന്നെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ന്യൂകാസിൽ മുന്നേറ്റം ഓൺ ഗോലായി പാലസിന്റെ വലയിൽ എത്തിയെങ്കിലും വാർ ഫൗൾ വിളിച്ചതിനാൽ ഗോൾ അനുവദിച്ചില്ല. പാലസ് മുന്നേറ്റ താരം എഡ്വേർഡിന്റെ മികച്ചൊരു ഷോട്ട് നിക് പോപ്പ് തടഞ്ഞു. മുഴുവൻ സമയത്തിന് മുൻപ് ട്രിപ്പിയറിന്റെ കോർണറിൽ നിന്നും ന്യൂകാസിലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും ഗോൾ ആക്കാൻ സാധിച്ചില്ല.