സതാംപ്ടനെതിരെ ലീഗിലെ ആദ്യ വിജയം കണ്ടെത്തി വോൾവ്സ്

സ്വന്തം തട്ടകത്തിൽ സതാംപ്ടനെ നേരിട്ട വോൾവ്സിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം. മധ്യനിര താരം പോഡൻസ് നേടിയ ഗോളാണ് നിർണായകമായ മൂന്ന് പോയിന്റ് നേടിയെടുക്കാൻ വോൾവ്സിനെ സഹായിച്ചത്. ലീഗിലെ ആദ്യ വിജയമാണ് വോൾവ്സ് നേടിയത്.

വോൾവ്സിന്റെ ആക്രമണം തന്നെയാണ് ആദ്യ മിനിറ്റുകളിൽ കണ്ടത്. എട്ടാം മിനിറ്റിൽ തന്നെ ഐറ്റ്-നൂരി തൊടുത്ത ഷോട്ട് സതാംപ്ടൻ കീപ്പർ തടുത്തു. കൗണ്ടർ വഴി വന്ന ബോളിൽ നെറ്റോ കീപ്പറെ മറികടന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി. വാക്കർ പീറ്റേഴ്സിനെ വീഴ്ത്തിയതിന് സതാംപ്ടൻ പെനാൽറ്റി ആവശ്യപ്പെട്ടെങ്കിലും റഫറി നിരസിച്ചു. എക്സ്ട്രാ ടൈമിന്റെ ആദ്യ മിനിറ്റിൽ വോൾവ്സിന്റെ ഗോൾ എത്തി. ന്യൂനസ് ബോസ്‌കിലേക്ക് മറിച്ചു നൽകിയ ബോൾ കീപ്പർ മാത്രം മുന്നിൽ നിൽക്കെ പോഡൻസ് വലയിൽ എത്തിച്ചു.

20220903 220238

രണ്ടാം പകുതിയിൽ സതാംപ്ടൻ സമനില ഗോളിന് വേണ്ടി കിണഞ്ഞു ശ്രമിച്ചു. അറുപത്തിയൊന്നാം മിനിറ്റിൽ വോൾവ്സ് വല കുലുക്കാൻ സതാംപ്ടന് കഴിഞ്ഞെങ്കിലും ഹാൻഡ്ബാളിന്റെ ആനുകൂല്യം വോൾവ്സിന്റെ രക്ഷക്കെത്തി. മുൻ മത്സരങ്ങളിൽ ടീമിന്റെ രക്ഷക്കെത്തിയ മാരയെ കളത്തിൽ ഇറക്കിയെങ്കിലും സതാംപ്ടന് ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല.