പ്രീമിയർ ലീഗിൽ പരാജയം അറിയാതെയുള്ള ന്യൂ കാസ്റ്റിൽ കുതിപ്പ് തുടരുന്നു. തുടർച്ചയായ നാലാം ജയം നേടാൻ ആയില്ലെങ്കിലും ആദ്യ നാലിലേക്ക് ലക്ഷ്യം വച്ച് എത്തിയ വെസ്റ്റ് ഹാമിനെ 1-1 നു ആണ് ന്യൂ കാസ്റ്റിൽ തളച്ചത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ന്യൂ കാസ്റ്റിൽ മുൻതൂക്കം കണ്ട മത്സരത്തിൽ വെസ്റ്റ് ഹാം പതുക്കെ മത്സരത്തിൽ തിരിച്ചു വന്നു. ഇടക്ക് അതുഗ്രൻ ഫോമിലുള്ള ജെറാഡ് ബോവന്റെ ശ്രമം ബാറിൽ തട്ടിയാണ് മടങ്ങിയത്. 32 മത്തെ മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിൽ നിന്നു ബോക്സിലേക്ക് ഒരു അവിശ്വസനീയ ക്രോസ് നൽകിയ ക്രസ്വല്ലിന്റെ പാസിൽ നിന്നു ഹെഡറിലൂടെ ക്രെയിഗ് ഡോസൻ ആണ് വെസ്റ്റ് ഹാമിനെ മത്സരത്തിൽ മുന്നിലെത്തിച്ചത്.
തുടർച്ചയായ രണ്ടാം മത്സരത്തിൽ ആയിരുന്നു വെസ്റ്റ് ഹാം പ്രതിരോധ താരം ഗോൾ നേടുന്നത്. ഗോൾ വഴങ്ങിയ ശേഷവും മികച്ച പ്രകടനം ആണ് ന്യൂ കാസ്റ്റിൽ നടത്തിയത്. മധ്യനിരയിൽ മികച്ച പ്രകടനം ആണ് മുൻ ആഴ്‌സണൽ താരമായ ജോ വില്ലോക്ക് നടത്തിയത്. പലപ്പോഴും ബോക്സിലേക്ക് എത്തിയ വില്ലോക്ക് വെസ്റ്റ് ഹാമിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഡക്ലൻ റൈസിന്റെ അബദ്ധം മുതലെടുത്ത വില്ലോക്ക് തന്നെ ബ്ലോക്ക് ചെയ്ത 2 വെസ്റ്റ് ഹാം താരങ്ങളെ മറികടന്നു ന്യൂ കാസ്റ്റിലിന് സമനില നൽകി. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇരു പ്രതിരോധത്തിലും തട്ടി മടങ്ങി. അവസാന നിമിഷങ്ങളിൽ റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച ബ്രൂണോയെയും ന്യൂ കാസ്റ്റിൽ കളത്തിൽ ഇറക്കി. സമനിലയോടെ ലീഗിൽ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തും ന്യൂ കാസ്റ്റിൽ പതിനേഴാം സ്ഥാനത്തും തുടരും. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ന്യൂ കാസ്റ്റിലിന് ഈ സമനില നേട്ടം തന്നെയാണ്.