ലെസ്റ്റർ സിറ്റിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് തിരിച്ചടി, വമ്പൻ ജയവുമായി ന്യൂ കാസിൽ

New Castle United Leicester City Goal Dummet

ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ ഉറപ്പിച്ച് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ലെസ്റ്റർ സിറ്റിക്ക് വമ്പൻ തോൽവി. റെലെഗേഷൻ ഭീഷണി നേരിടുന്ന ന്യൂ കാസിൽ യുണൈറ്റഡ് ആണ്‌ ലെസ്റ്റർ സിറ്റിക്ക് വമ്പൻ പരാജയം സമ്മാനിച്ചത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ന്യൂ കാസിൽ യുണൈറ്റഡിന്റെ ജയം. ജയത്തോടെ റെലെഗേഷൻ ഭീഷണി ഒഴിവാക്കാൻ ന്യൂ കാസിലനായി. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ചെൽസി ജയിച്ചാൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.

മത്സരത്തിന്റെ തുടക്കത്തിൽ സോയ്ഞ്ചുവിന്റെ പിഴവ് മുതലെടുത്ത് വില്ലോക്ക് ആണ് ന്യൂ കാസിലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ഡമ്മറ്റിന്റെ ഗോളിലൂടെ ന്യൂ കാസിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത ന്യൂ കാസിൽ കാലം വിൽസന്റെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ മത്സരത്തിൽ 4-0 മുൻപിലെത്തുകയായിരുന്നു.

എന്നാൽ അവസാന 10 മിനുട്ടിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് ലെസ്റ്റർ സിറ്റി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ന്യൂ കാസിൽ മത്സരം പൂർത്തിയാകുകയായിരുന്നു. ആൾബ്രൈറ്റനും ഇഹിനാചോയുമാണ് ലെസ്റ്റർ സിറ്റിയുടെ ഗോളുകൾ നേടിയത്. ന്യൂ കാസിൽ ഗോൾ കീപ്പർ മാർട്ടിൻ ഡുബ്രാവുകയുടെ മികച്ച രക്ഷപെടുത്തലുകളാണ് ന്യൂ കാസിലിന് തുണയായത്.

Previous articleഹസി കൊറോണ നെഗറ്റീവ് ആയി
Next articleചാമ്പ്യൻസ് ലീഗ് ഫൈനൽ ഇംഗ്ലണ്ടിലേക്ക് മാറ്റിയേക്കും