ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി നഷ്ട്ടപെടുത്തിയിട്ടും രണ്ടാം പകുതിയിൽ മാസ്സ് തിരിച്ചുവരവ് നടത്തിയ ന്യൂ കാസിലിന് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ന്യൂ കാസിലിന്റെ ജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിലായതിന് ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോളടിച്ച് തിരിച്ചു വന്നാണ് ന്യൂ കാസിൽ ജയിച്ചത്.
ആദ്യ പകുതിയിൽ കാൽവെർട് ലെവിനിലൂടെയാണ് എവർട്ടൺ ആദ്യ ഗോൾ നേടിയത്. തുടർന്നാണ് എവർട്ടൺ ഗോൾ കീപ്പർ പിക്ക്ഫോർഡ് റോണ്ടനെ ഫൗൾ ചെയ്തതിനാണ് റഫറി ന്യൂ കാസിലിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. പിക്‌ഫോർഡിന് ചുവപ്പ് കാർഡ് നൽകാൻ ന്യൂ കാസിൽ താരങ്ങൾ വാദിച്ചെങ്കിലും റഫറി പെനാൽറ്റി മാത്രമാണ് നൽകിയത്. തുടർന്ന് റിച്ചി എടുത്ത പെനാൽറ്റി കിക്ക് പിക്‌ഫോർഡ് രക്ഷപ്പെടുത്തുകയായിരുന്നു. പെനാൽറ്റി രക്ഷപെടുത്തി അടുത്ത മിനുട്ടിൽ തന്നെ എവർട്ടൺ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. റിചാർളിസാൺ ആണ് ഇത്തവണ എവർട്ടന്റെ ഗോൾ നേടിയത്.
എന്നാൽ ഒന്നാം പകുതിയിൽ കണ്ട ന്യൂ കാസിൽ ആയിരുന്നില്ല രണ്ടാം പകുതിയിൽ കണ്ടത്. 65ആം മിനുട്ടിൽ പെരസും റോണ്ടനും ചേർന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിൽ റോണ്ടൻ ഗോൾ നേടുകയായിരുന്നു. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ തുടരെ തുടരെ രണ്ടു ഗോൾ അടിച്ച് പെരസ് ന്യൂ കാസിലിന്റെ തിരിച്ചുവരവ് പൂർത്തിയാക്കുകയായിരുന്നു. സ്വന്തം ഗ്രൗണ്ടിൽ ന്യൂ കാസിലിന്റെ തുടർച്ചയായ അഞ്ചാം ജയം കൂടിയായിരുന്നു ഇത്.