ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികൾ ഇന്ന് നേർക്കുനേർ വരികയാണ്. ഇന്ന് ആൻഫീഡിൽ നടക്കുന്ന മേഴ്സി സൈഡ് ഡാർബിയിൽ ലിവർപൂളും എവർട്ടണും ആണ് നേർക്കുനേർ വരുന്നത്. ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുന്ന 289ആമത് മത്സരമാണിത്. മോശം ഫോമിൽ ഉള്ള ലിവർപൂളിനെ തോൽപ്പിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ് ആഞ്ചലോട്ടിയും സംഘവും ആൻഫീൽഡിൽ എത്തുന്നത്.
ആൻഫീൽഡിൽ അവസാനം കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് വിചിത്രമായ അവസ്ഥയിൽ ആണ് ലിവർപൂൾ ഉള്ളത്. അവസാന രണ്ടു മാസത്തിൽ ഒരു തവണ പോലും ആൻഫീൽഡിൽ ഒരു മത്സരം വിജയിക്കാൻ ലിവർപൂളിനായിട്ടില്ല. ലീഗിൽ ഇപ്പോൾ ആറാം സ്ഥാനത്താണ് ലിവർപൂൾ ഉള്ളത്. മൂന്ന് പോയിന്റ് മാത്രം പിറകിൽ ഉള്ള എവർട്ടൺ ലിവർപൂളിനെ വീഴ്ത്തി ആ ഗ്യാപ് നികത്താൻ ആകും ശ്രമിക്കുന്നത്.
എന്നാൽ എവർട്ടണും അത്ര മികച്ച ഫോമിൽ അല്ല. അവസാന രണ്ടു മത്സരങ്ങളും പരാജയപ്പെട്ടാണ് എവർട്ടൺ ഇന്ന് ഇറങ്ങുന്നത്. ലിവർപൂൾ ആകട്ടെ ചാമ്പ്യൻസ് ലീഗിൽ ലൈപ്സിഗിനെ തോൽപ്പിച്ചതിന്റെ ചെറിയ ആത്മവിശ്വാസത്തിലുമാണ്. ഇന്ന് രാത്രി 11 മണിക്കാണ് മത്സരം നടക്കുക.