ചെൽസിയുടെ രക്ഷകനായി മെൻഡി, വീണ്ടും ഹോം ഗ്രൗണ്ടിൽ വിജയമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

20201024 234946
- Advertisement -

പ്രീമിയർ ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ വിജയമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് പ്രീമിയർ ലീഗിലെ വലിയവരുടെ പോരാട്ടത്തിൽ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഗോൾ രഹിത സമനിലയിൽ ആണ് പിരിഞ്ഞത്. അവസരങ്ങൾ കുറഞ്ഞ മത്സരത്തിൽ ചെൽസി ഗോൾ കീപ്പർ മെൻഡി ആണ് താരമായത്. മൂന്ന് ഗംഭീര സേവുകൾ നടത്തി മെൻഡിയാണ് യുണൈറ്റഡ് വിജയം തടഞ്ഞത്.

പി എസ് ജിക്ക് എതിരായ മത്സരത്തിൽ നിന്ന് ഒരുപാട് മാറ്റങ്ങളുമായാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്. രണ്ട് ടീമും ഡിഫൻസീവ് ആയാണ് കളിച്ചത്. ആദ്യ പകുതിയിൽ റാഷ്ഫോർഡിലൂടെയും മാറ്റയിലൂടെയും യുണൈറ്റഡിന് ഗോളവസരം ഉണ്ടായെങ്കിലും രണ്ട് മികച്ച സേവുകളിലൂടെ മെൻഡി തടുത്തു. രണ്ടാം പകുതിയുടെ അവസാന നിമിഷം റാഷ്ഫോർഡ് എടുത്ത സ്ട്രൈക്കിലെ സേവായിരുന്നു കളിയിലെ ഏറ്റവു മികച്ച സേവ്. മാഞ്ചസ്റ്റർ യുണൈറ്റഡിനായി രണ്ടാം പകുതിയിൽ സബ്ബായി എത്തി കവാനി അരങ്ങേറ്റം കുറിച്ചു.

ആദ്യ പകുതിയിൽ മഗ്വയർ അസ്പിലിക്വറ്റയെ ഫൗൾ ചെയ്തതിന് പെനാൾട്ടി ലഭിക്കാതിരുന്നത് ചെൽസി ആരാധകർക്ക് നിരാശ നൽകും. ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി ചെൽസി ഇപ്പോൾ ആറാം സ്ഥാനത്താണ് ഉള്ളത്. അഞ്ചു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പതിനഞ്ചാം സ്ഥാനത്തും നിൽക്കുന്നു. യുണൈറ്റഡ് ഈ സീസണിൽ കളിച്ച മൂന്ന് ഹോം മത്സരങ്ങളും വിജയിച്ചില്ല.

Advertisement