ഗബ്രിയേൽ മാർട്ടിനെലിക്ക് പുതിയ കരാർ നൽകാൻ ആഴ്‌സനൽ ഒരുങ്ങുന്നു. ഗംഭീര പ്രകടനം തുടരുന്ന താരത്തെ ദീർഘകാലത്തേക്ക് ടീമിനോടൊപ്പം നിർത്താൻ ആണ് മാനേജ്‌മെന്റ് തീരുമാനം. ഇരുപത്തിയൊന്നുകാരന്റെ നിലവിലെ കരാർ 2024 ഓടെ അവസാനിക്കാൻ ഇരിക്കുകയാണ്. പുതിയ കരാർ പ്രകാരം താരത്തിന്റെ വരുമാനത്തിൽ വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടാവും. താരവും ടീമും ആയുള്ള ചർച്ചകൾ നടന്ന് വരുന്നതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ കരാറിൽ 2026 വരെ നീട്ടാനുള്ള സാധ്യത ഉണ്ടെങ്കിലും പുതിയ കരാറിന് തന്നെയാണ് ടീമിന്റെ പരിഗണന.
2019ലാണ് മാർട്ടിനെല്ലി ആഴ്‌സനലിൽ എത്തുന്നത്. ശേഷം നൂറോളം മത്സരങ്ങൾ ആഴ്‌സനൽ ജേഴ്‌സി അണിഞ്ഞു. സീസണിൽ ഇതുവരെ പതിനാല് മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളും രണ്ടു അസിസ്റ്റും നേടി. തങ്ങളുടെ ഭാവിയിലെ നിർണായക താരങ്ങളിൽ ഒരാളായിട്ടാണ് മാർട്ടിനെലിയെ ആഴ്‌സനൽ കാണുന്നത്. ഇത്തവണ ലോകകപ്പിനുള്ള ബ്രസീൽ ടീമിലും ഇടം പിടിക്കാൻ താരത്തിനായിരുന്നു. ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം ഈയിടെ വ്യക്തമാക്കിയിരുന്നു.