മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആയ ആന്റണി മാർഷ്യലിനായി സൗദി അറേബ്യയിൽ നിന്ന് മികച്ച ഓഫറുകൾ ലഭിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാർഷ്യലിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ആലോചിക്കുന്നുണ്ട് എങ്കിലും താരത്തിനായി കാര്യമായി ഓഫർ ഒന്നും ഈ സീസണിൽ വന്നിരുന്നില്ല. പരിക്ക് കാരണം സ്ഥിരമായി കഷ്ടപ്പെടുന്ന ആന്റണി മാർഷ്യലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ വിൽക്കും എന്ന് വ്യക്തമാണ്.
സൗദി അറേബ്യയിൽ നിന്ന് ഔദ്യോഗിക ബിഡ് വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഓഫർ പരിഗണിച്ച് ചർച്ചകൾ ആരംഭിക്കും. യുണൈറ്റഡ് ഇതിനകം തന്നെ പുതിയ സ്ട്രൈക്കറായി റാസ്മസ് ഹൊയ്ലുണ്ടിനെ ടീമിൽ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിലും മാർഷ്യലിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിച്ചിരുന്നു. എന്നാൽ ടെൻ ഹാഗ് എത്തിയതോടെ മാർഷ്യലിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു. അതുകൊണ്ട് തന്നെ യുണൈറ്റഡ് താരത്തെ നിലനിർത്തി. അവസരം കിട്ടിയപ്പോൾ എല്ലാം മാർഷ്യൽ നന്നായി കളിക്കുകയും ചെയ്തു. എന്നാൽ പരിക്ക് നിരന്തരം മാർഷ്യലിനെ പുറത്തിരുത്തി. ഇത് താരത്തിലുള്ള വിശ്വാസം ടെൻ ഹാഗിനും നഷ്ടപ്പെടുത്തി.
27കാരനായ മാർഷ്യൽ 2015 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. ഒന്നോ രണ്ടോ സീസണുകൾ ഒഴിച്ച് ബാക്കി യുണൈറ്റഡ് കാലഘട്ടത്തിൽ നിരാശ മാത്രമെ മാർഷ്യൽ നൽകിയിട്ടുള്ളൂ.