മുഖ്യ പരിശീലകൻ മാർക്കോ സിൽവയുമായി പുതിയ കരാറിൽ എത്തി ഫുൾഹാം. പോർച്ചുഗീസ് കോച്ചിന്റെ നിലവിലെ കരാർ അടുത്ത സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് 2026വരെയുള്ള കരാറിൽ പ്രീമിയർ ലീഗ് ടീം എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സിൽവയുടെ പ്രവർത്തനങ്ങളിലൂടെ ക്ലബ്ബുമായി അനിഷേധ്യമായ ബന്ധമാണ് അദ്ദേഹത്തിനുള്ളതെന്ന് ഡയറക്ടർ ടോണി ഖാൻ വാർത്ത പുറത്തു വിട്ടു കൊണ്ട് സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
മുൻപ് എവർടൻ, വാട്ഫോർഡ് എന്നീ ടീമുകളെ പരിശീലിപ്പിച്ചിട്ടുള്ള സിൽവ, 2021ലാണ് ചാമ്പ്യൻഷിപ്പിൽ ഫുൾഹാമിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. തുടർന്ന് ചാമ്പ്യൻഷിപ്പ് കിരീടത്തോടെ തന്നെ പ്രീമിയർ ലീഗിലേക്ക് ടീമിനെ മുന്നേറാനും കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്ത് എത്താനും അദ്ദേഹത്തിനായി. സൗദിയിൽ നിന്നടക്കം സിൽവക്ക് ഓഫർ ഉള്ളതായി റിപോർട്ടുകൾ വന്നെങ്കിലും ഫുൾഹാമിൽ തന്നെ തുടരാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. പുതിയ കരാറിൽ താൻ സന്തോഷവാനാണെന്ന് പ്രതികരിച്ച മാർക്കോ സിൽവ, തനിക്കും ക്ലബ്ബിനും ഒരുമിച്ചു മുന്നോട്ടു പോവാൻ തന്നെയാണ് താൽപ്പര്യമെന്നത് കൂടുതൽ ആഹ്ലാദം പകരുന്നത് ആണെന്നും പറഞ്ഞു. എന്നാൽ തന്റെ ചുമതല അവസാനിച്ചതായി കരുതുന്നില്ലെന്നും പ്രീമിയർ ലീഗിൽ തുടരുന്നത് തന്നെയാണ് മുന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബിന്റെ ഉടമകളിൽ നിന്നുമുള്ള വിശ്വാസവും പിന്തുണയും നിർണായകമാണെന്നും സിൽവ ചൂണ്ടിക്കാണിച്ചു.