ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറെ വൈകിയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ താളം കണ്ടെത്തുകയാണെന്ന് പറയാം. അവർ ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. റാസ്മസ് ഹൊയ്ലുണ്ട് തുടർച്ചയായി നാലാം പ്രീമിയർ ലീഗ് മത്സരത്തിലും ഗോൾ കണ്ടെത്തി. ഒപ്പം ഗർനാചോ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇരട്ട ഗോളും നേടി.
ഇന്ന് തുടക്കം മുതൽ ആധിപത്യം പുലർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. 23ആം മിനുട്ടിൽ കസെമിറോ വിൻ ചെയ്ത ബോൾ സ്വീകരിച്ച് മുന്നേറിയ ഹൊയ്ലുണ്ട് ഒരു ഡമ്മിയിലൂടെ വെസ്റ്റ് ഹാം ഡിഫൻഡേഴ്സിനെ ഒരു ദിശയിൽ അയച്ച് മറുദിശയിലൂടെ പോയി തന്റെ വീക്കർ ഫൂട്ടായ വലം കാലു കൊണ്ട് മികച്ച ഷോട്ടിലൂടെ വല കണ്ടെത്തി. ഹൊയ്ലുണ്ടിലെ ഈ സീസണിലെ പത്താം ഗോളായിരുന്നു ഇത്.
ആദ്യ പകുതി 1-0ന് അവസാനിച്ചു. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ അലെഹാന്ദ്രോ ഗർനാചോയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ഒരു വലിയ ഡിഫ്ലക്ഷനിലൂടെ ആണ് ഗർനാചോയുടെ ഷോട്ട് വലയിൽ എത്തിയത്.
85ആം മിനുട്ടിൽ ഗർനാചോ തന്റെ രണ്ടാം ഗോളും നേടി. മക്ടോമിനെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇത് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 38 പോയിന്റുമായി ആറാം സ്ഥാനത്ത് എത്തി. 36 പോയിന്റുള്ള വെസ്റ്റ് ഹാം യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്ക് താഴ്ന്നു.