മാറ്റങ്ങൾക്ക് ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രകടനങ്ങളിൽ മനം മടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ വലിയ പ്രതിഷേധം ഒരുക്കുന്നു. നവംബർ 13ന് ഓൾഡ്ട്രഫോർഡിനു പുറത്ത് സംഘമായി ചേർന്ന് പ്രതിഷേധിക്കാൻ ആണ് ആരാധകരുടെ തീരുമാനം. ക്ലബ് ഉടമകളായ ഗ്ലേസേഴ്സ് ക്ലബ് വിട്ട് പോകണം എന്നും പരിശീലകൻ ഒലെയെ പുറത്താക്കണം എന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഒലെയുടെ കീഴിൽ ലിവർപൂളിനെതിരെയും മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെയും വലിയ പരാജയം നേരിട്ടതോടെയാണ് ആരാധകർ ഒലെയെ പുറത്താക്കണം എന്ന ആവശ്യത്തിൽ എത്തിയത്.

അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ചപ്പോൾ ആയിരുന്നു ആരാധകർ പ്രതിഷേധിച്ചത്. അന്ന് പ്രതിഷേധം ആക്രമാസക്തമായിരുന്നു. അതു പോലെ വലിയ പ്രതിഷേധമായി ഇതും മാറാൻ സാധ്യതയുണ്ട്. പ്രതിഷേധത്തിന് മുന്നോടിയായി ആരാധകർ സാമൂഹിക മാധ്യമങ്ങളിലും ക്യാമ്പയിൻ നടത്തുന്നുണ്ട്.