തന്ത്രങ്ങൾ മാറ്റി ഒലെ, ലണ്ടണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേൽപ്പ്!!

20211030 231825

ലിവർപൂളിനോട് ഏറ്റ വലിയ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത കാലത്തെ ഏറ്റവും വലിയ പതനമായിരുന്നു. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉയർത്തെഴുന്നേറ്റിരിക്കുക ആണ്. ഇന്ന് ലണ്ടണിൽ കരുത്തരായ സ്പർസിനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് വീഴ്ത്തി ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം. ഒലെ ഗണ്ണാർ സോൾഷ്യറിനെ വിശ്വസിക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനം വിജയം കൊണ്ട് ശരി വെക്കാൻ ഒലെയ്ക്ക് ഇന്നായി.

ഇത്ര കാലവും ഒലെ സ്വീകരിച്ച ടാക്ടിക്സിൽ നിന്ന് വലിയ മാറ്റവുമായാണ് ഒലെ ഇന്ന് ഇറങ്ങിയത്. അവർ ഇന്ന് 3 സെന്റർ ബാക്കുകളെ കളിപ്പിച്ച് ഡിഫൻസീവ് സെറ്റപ്പിലാണ് ഇറങ്ങിയത്. യുണൈറ്റഡ് ഡിഫൻസിന്റെ പതിവ് പരാജയങ്ങൾ ഒഴിവാക്കാൻ ഈ നീക്കം കൊണ്ടായി. ഇരു ടീമുകളും ഇന്ന് പതിയെ ആണ് തുടങ്ങിയത്. കളിയിലെ ആദ്യ നല്ല അവസരം ലഭിച്ചത് സ്പർസിനായിരുന്നു. എന്നാൽ ഗോൾ സോണിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്നു. ഫ്രെഡിന്റെ ഒരു ബുള്ളറ്റ് ഷോട്ടായിരുന്നു യുണൈറ്റഡിന്റെ ആദ്യ അവസരം.

39ആം മിനുട്ടിൽ യുണൈറ്റഡ് തങ്ങളുടെ ആദ്യ ഗോൾ നേടി. പോർച്ചുഗീസ് കൂട്ടുകെട്ടാണ് യുണൈറ്റഡ് ഗോളിൽ കലാശിച്ചത്. ബ്രൂണോയുടെ ക്രോസ് അതിഗംഭീര വോളിയിലൂടെ റൊണാൾഡോ വലയിൽ എത്തിച്ചു. നാലു മത്സരങ്ങൾക്ക് ശേഷം ആണ് റൊണാൾഡോ ലീഗിൽ ഒരു ഗോൾ നേടുന്നത്.

രണ്ടാം പകുതിയിൽ റൊണാൾഡോ യുണൈറ്റഡിന്റെ രണ്ടാം ഗോളിലും പ്രധാന പങ്കുവഹിച്ചു. ബ്രൂണോ തുടങ്ങിയ അറ്റാക്ക് റൊണാൾഡോയിലേക്ക് എത്തുകയും റൊണാൾഡോ കവാനിയെ കണ്ടെത്തുകയും ചെയ്തു. കവാനി ഗോൾ പോസ്റ്റിന് മുന്നിലെ തന്റെ മികവ് കാണിച്ചു കൊണ്ട് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന് ശേഷം റൊണാൾഡോയെയും ബ്രൂണോയെയും പിൻവലിച്ച് യുണൈറ്റഡ് വിജയം ഉറപ്പിക്കാനായി ഡിഫൻസീവ് ടാക്ടിക്സിലേക്ക് മാറി. 87ആം മിനുട്ടിൽ യുണൈറ്റഡ് റാഷ്ഫോർഡിലൂടെ മൂന്നാം ഗോളും നേടി 3 പോയിന്റ് ഉറപ്പിക്കുകയും ചെയ്തു.

10 മത്സരങ്ങളിൽ 17 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. 15 പോയിന്റുള്ള സ്പർസ് എട്ടാം സ്ഥാനത്താണ് ഉള്ളത്. സ്പർസിന് ഇന്ന് ഒരു ഷോട്ട് പോലും ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല.

Previous article“ഈ സമനില ഒരു തോൽവി പോലെ” – ക്ലോപ്പ്
Next articleകപ്പിൽ അഞ്ചു ഗോൾ മേടിച്ചതിനു ലീഗിൽ അഞ്ചു ഗോൾ അടിച്ചു ബയേണിന്റെ പ്രായശ്ചിത്തം