ഇന്റർ നാഷണൽ ബ്രേക്ക് കഴിഞ്ഞ് എത്തുന്ന ഫുട്ബോൾ മത്സരങ്ങളിൽ ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ നേരിടും. ഓൾഡ് ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ വിജയത്തിൽ കുറഞ്ഞതൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതീക്ഷിക്കുന്നില്ല. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് പരാജയപ്പെട്ട യുണൈറ്റഡിന് വിജയ വഴിയിലേക്ക് തിരിച്ചുവരേണ്ടതുണ്ട്.
പരിക്കേറ്റ മാർഷ്യലും പോഗ്ബയും പരിക്ക് മാറി എത്തുന്നു എന്നത് യുണൈറ്റഡിന് സന്തോഷം നൽകും. എന്നാൽ ലൂക് ഷോ ഇന്ന് മാഞ്ചസ്റ്റർ നിരയിൽ ഉണ്ടാവില്ല. ലുകാലു കളിക്കുന്ന കാര്യവും സംശയമാകും. മികച്ച ഫോമിൽ ഉള്ള മാർഷ്യലിൽ തന്നെയാകും മൗറീനോയുടെ ഗോൾ സ്കോറിങ് പ്രതീക്ഷ. എട്ടാമത് ഉള്ളത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ള വാറ്റ്ഫോർഡിനും ബൗണ്മതിനും വലിയ മത്സരങ്ങളാണ് ഉള്ളത് എന്നതു കൊണ്ട് തന്നെ ഇന്ന് ജയിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ആറിൽ എത്തും.
ക്രിസ്റ്റൽ പാലസിനോട് 1990ന് ശേഷം ഒരിക്കൽ പോലും ലീഗിൽ പരാജയപ്പെടാത്ത ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മൗറീനോ പരിശീലകനായി എത്തിയ ശേഷം എല്ലാ മത്സരങ്ങളിലും യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചിട്ടുമുണ്ട്. ഇന്നും അത് ആവർത്തിക്കും എന്ന് യുണൈറ്റഡ് ആരാധകർ പ്രതീക്ഷിക്കുന്നു. രാത്രി 8.30നാണ് മത്സരം നടക്കുക.