ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീണ്ടേക്കും. ലിവർപൂളിന്റെ വലിയ പ്രതീക്ഷയായിരുന്ന മാഞ്ചസ്റ്റർ ഡെർബിയിൽ യുണൈറ്റഡ് വിജയിച്ചില്ല. മാഞ്ചസ്റ്റർ സിറ്റി വിജയിച്ച് ലീഗ് കിരീടത്തിനടുത്തേക്ക് അടുത്തു. വെറും മൂന്ന് മത്സരങ്ങൾ ശേഷിക്കെ സിറ്റി വീണ്ടും ലീഗിന്റെ ഒന്നാമത് എത്തിയിരുക്കുകയാണ്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റി ഇതോടെ യുണൈറ്റഡിനെതിരെ സീസൺ ഡബിളും സ്വന്തമാക്കി. തുടർ പരാജയങ്ങളുമായി സിറ്റിയെ നേരിടാൻ എത്തിയ യുണൈറ്റഡ് പതിവിലും ഭേദപ്പെട്ട കളി ആയിരുന്നു കളിച്ചത്. ആദ്യ പകുതിയിൽ കളി 0-0 എന്ന നിലയിൽ വെക്കാനും യുണൈറ്റഡിനായി.
പക്ഷെ രണ്ടാം പകുതിയുൽ യുണൈറ്റഡിനെ മറികടക്കാൻ സിറ്റിക്കായി. ആദ്യം ബെർണാഡോ സിൽവയിലൂടെ ആയിരുന്നു യുണൈറ്റഡ് വല സിറ്റി കുലുക്കിയത്. താമസിയാതെ സാനെയിലൂടെ രണ്ടാം ഗോളും സിറ്റി നേടി. സാനെ നേടിയ ഗോൾ യുണൈറ്റഡ് കീപ്പർ ഡി ഹിയയുടെ ഒരു പിഴവിൽ കൂടിയായിരുന്നു. ഈ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 35 മത്സരങ്ങളിൽ നിന്ന് 89 പോയന്റായി. രണ്ടാമതുള്ള ലിവർപൂളിന് 88 പോയന്റാണുള്ളത്. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് പ്രതീക്ഷ ഏകദേശം അവസാനിച്ചു എന്ന് തന്നെ പറയാം. 64 പോയന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.