മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് ഇന്റർ മിലാനിൽ എത്തിയ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുകാകു തന്റെ മുൻ ക്ലബിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. തന്നെ ക്ലബിൽ നിന്ന് പുറത്താക്കാൻ മാഞ്ചസ്റ്റർ ആഗ്രഹിച്ചിരുന്നു, പക്ഷെ അത് തന്നോട് പറയാതെ തനിക്കെതിരായുള്ള വാർത്തകൾ ക്ലബ് ചോർത്തുകയായിരുന്നു എന്ന് ലുകാകു പറഞ്ഞു.
ഇങ്ങനെയുള്ള വാർത്തകൾ വന്നപ്പോൾ ക്ലബ് തന്നെ സംരക്ഷിക്കും എന്ന് താൻ കരുതി. എന്നാൽ ഒരിക്കൽ പോലും ക്ലബ് മുന്നിട്ട് വന്നില്ല. അപ്പോഴാണ് ക്ലബ് വിടേണ്ട സമയം ആയെന്ന് താൻ മനസ്സിലാക്കിയത്. ഇതാണ് അങ്ങോട്ട് ചെന്ന് ക്ലബ് വിടണമെന്ന് പറയാനുള്ള കാരണം എന്ന് ലുകാകു പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കഴിഞ്ഞ സീസണുകളിൽ പരാജയങ്ങൾ താൻ ഉൾപ്പെടെയുള്ള മൂന്ന് താരങ്ങളിൽ കെട്ടിവെക്കുകയായിരുന്നു എന്നും ലുകാകു പറഞ്ഞു. മത്സരം തോറ്റാൽ ആരാധകരും മാധ്യമങ്ങളും ഒക്കെ തന്നെയും പോഗ്ബയെയും സാഞ്ചേസിനെയും മാത്രമേ ബലിയാടാക്കാറുള്ളൂ. ബാക്കി ഉള്ള താരങ്ങൾ രക്ഷപ്പെടുകയാണ് പതിവെന്നും ലുകാകു പറഞ്ഞു.