ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഇന്ന് പുനരാരംഭിക്കുമ്പോൾ ഏവരുടെയും ശ്രദ്ധ ലെസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരത്തിൽ ആകും. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിന് ഇറങ്ങും മുമ്പ തന്നെ ഒലെയും മാഞ്ചസ്റ്റർ യുണൈറ്റഡും പ്രതിരോധത്തിൽ ആണ്. സീസൺ ദയനീയമായി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ കടലാസ്സിലെ കരുത്ത് റിസൾട്ടിൽ കാണിച്ച് തുടങ്ങിയില്ല എങ്കിൽ ഒലെയുടെ സ്ഥാനം തന്നെ വരും ആഴ്ചകളിൽ തെറിക്കാൻ സാധ്യത ഉണ്ട്. അവസാന ആറു മത്സരങ്ങളിൽ രണ്ടു മത്സരങ്ങൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്.
ഇന്ന് ആണെങ്കിൽ യുണൈറ്റഡിനൊപ്പം അവരുടെ പ്രധാന സെന്റർ ബാക്ക് കൂട്ടുകെട്ട് ആയ വരാനെയും മഗ്വയറും ഉണ്ടാകില്ല. ഇരുവരും പരിക്കിന്റെ പിടിയിലാണ്. സ്ട്രൈക്കർ ആയ കവാനിയും മധ്യനിര താരം ഫ്രെഡും ഇതുപോലെ കളത്തിനു പുറത്തായിരിക്കും. ഇരുവരും ഇന്നലെ ബ്രസീലി ഉറുഗ്വേ മത്സരത്തിന്റെ ഭാഗമായിരുന്നും അതുകൊണ്ട് തന്നെ മാച്ച് ഫിറ്റ് ആവാനുള്ള സമയം ഇരുവർക്കും ഇല്ല. പരിക്ക് മാറി എത്തിയ റാഷ്ഫോർഡ് ഇന്ന് യുണൈറ്റഡ് നിരയിൽ ഉണ്ടാകും. സീസൺ മോശം രീതിയിൽ തുടങ്ങിയ ലെസ്റ്ററിനും വിജയം അത്യാവശ്യമാണ്. അവസാന മൂന്ന് മത്സരങ്ങളിലും വിജയം ഇല്ലാതെ നിൽക്കുകയാണ് ലെസ്റ്റർ സിറ്റി. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.