ഓൾഡ്ട്രാഫോർഡിൽ വഴങ്ങിയ സമനിലക്ക് ലീഡ്സിന്റെ ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറുപടി. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. റാഷ്ഫോർഡും ഗർനാചോയും യുണൈറ്റഡിനായി ഗോൾ നേടി.
ഓൾഡ്ട്രാഫോർഡിൽ എന്ന പോലെ ലീഡ്സ് യുണൈറ്റഡിൽ നിന്ന് വലിയ പോരാട്ടം തന്നെയാണ് ഇന്ന് എലൻ റോഡിലും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്. നാലു ദിവസം കഴിഞ്ഞു ബാഴ്സലോണയെ നേരിടേണ്ടതുള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ കാര്യമായ മാറ്റങ്ങൾ ഇന്ന് വരുത്തി. സെന്റർ ബാക്കി ഹാരി മഗ്വയറും ലൂക് ഷോയും ആയിരുന്നു ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റർ ഡിഫൻസിൽ നിന്ന് ഒരുപാട് അബദ്ധങ്ങൾ പിറക്കുന്നതും അതുകൊണ്ട് കാണാൻ ആയി.
ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ലഭിച്ച അവസരങ്ങൾ എതിർ ടീമിന്റെ അബദ്ധങ്ങളിൽ ആയിരുന്നു. ആദ്യ പകുതിയുടെ അവസാനം ബ്രൂണോ ഫെർണാണ്ടസിന് കിട്ടിയ അവസരം താരത്തിന് മുതലെടുക്കാൻ ആയില്ല. രണ്ടാം പകുതിയിൽ ലീഡ്സിൽ നിന്ന് മെച്ചപ്പെട്ട പ്രകടനം കാണാൻ ആയി. അവർ ഹൈ പ്രസിങിലൂടെ യുണൈറ്റഡിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കി.
തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ലിസാൻഡ്രോ മാർട്ടിനസിനെയും ഗർനാചോയെയുൻ കളത്തിൽ ഇറക്കി. ഇത് യുണൈറ്റഡിന്റെ പ്രകടനം മെല്ലെ മെച്ചപ്പെടുത്തി. 80ആം മിനുട്ടിൽ മാർക്കസ് റാഷോർഡിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു റാഷ്ഫോർഡ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചുത്. കഴിഞ്ഞ മത്സരത്തിലും റാഷ്ഫോർഡ് ഒരു ഹെഡറിലൂടെ ആയിരുന്നു ലീഡ്സിന് എതിരെ ഗോൾ നേടിയത്. ഈ സീസണിലെ റാഷ്ഫോർഡിന്റെ 21ആം ഗോളാണിത്.
അഞ്ചു മിനുട്ടുകൾക്ക് ശേഷം യുവതാരം ഗർനാചോയിലൂടെ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച ഗോളായി ഇത് മാറി. റാഷ്ഫോർഡ് ഒരു തവണകൂടെ ഗോൾ നേടിയെങ്കിലും അത് ഓഫ്സൈഡായിരുന്നു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തൽക്കാലം ആണെങ്കിലും 46 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ട് മത്സരങ്ങൾ കൂടുതൽ കളിച്ചിട്ടുണ്ട്. ലീഡ്സ് യുണൈറ്റഡ് 19 പോയിന്റുനായി 17ആം സ്ഥാനത്താണ്.