മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ലീ ഗ്രാന്റ് വിരമിച്ചു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ആയ ലീ ഗ്രാന്റ് താൻ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. അവസാന നാലു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡ് പ്ലയർ ആയിരുന്നു ലീ ഗ്രാന്റ്. 39 കാരനായ അദ്ദേഹം മുമ്പ് ഡെർബി കൗണ്ടി, ബേൺലി, ഓൾഡ്‌ഹാം അത്‌ലറ്റിക്, ഷെഫീൽഡ് വെനസ്ഡേ, സ്റ്റോക്ക് സിറ്റി എന്നിവയ്‌ക്കായി കളിച്ചിട്ടുണ്ട്, 500-ലധികം മത്സരങ്ങൾ കരിയറിൽ കളിച്ചിട്ടുണ്ട്.

ഓൾഡ് ട്രാഫോർഡിൽ ഉണ്ടായിരുന്ന സമയത്ത് കൂടുതലും ബെഞ്ചിൽ ആയിരുന്നു ഗ്രാന്റിന്റെ സ്ഥാനം. ഗ്രാന്റ് യുണൈറ്റഡിനായി രണ്ട് തവണ മാത്രമാണ് കളിച്ചത്. ഓൾഡ് ട്രാഫോർഡിൽ നടന്ന 2018/19 ലീഗ് കപ്പ് മൂന്നാം റൗണ്ടിൽ ഡെർബിക്കെതിരെയാണ് ഗ്രാന്റ് അരങ്ങേറ്റം കുറിച്ചത്. തുടർന്നുള്ള സീസണിൽ, യൂറോപ്പ ലീഗ് ഗ്രൂപ്പ്-സ്റ്റേജിൽ അസ്താനയ്ക്ക് എതിരെയും കളിച്ചു. ഇനി കോച്ചിംഗിൽ ആയിരിക്കും ഗ്രാന്റിന്റെ ശ്രദ്ധ.