മാഞ്ചസ്റ്ററിൽ ചരിത്രം തകർത്ത ഗോൾ മഴ, സൗതാമ്പ്ടൺ വലയിൽ ഒമ്പതു ഗോളുകൾ

20210203 033840
Credit: Twitter

അവസാന രണ്ടു മത്സരങ്ങളിലെ നിരാശ ഒരു വമ്പൻ വിജയത്തോടെ തീർത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ്ട്രാഫോർഡിൽ സൗതാമ്പ്ടണെ എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പരാജയപ്പെടുത്തിയത്. പ്രീമിയർ ലീഗിലെ വർഷത്തിനിടയിലെ ഏറ്റവും വലിയ വിജയമാണിത്. മുമ്പ് 1995ൽ ഇപ്സിചിനെതിരെയും മാഞ്ചസ്റ്റർ യുണൈറ്റഡ് 9-0നു വിജയിച്ചിട്ടുണ്ട്.

സൗതാമ്പ്ടൺ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ വെല്ലുവിളി ഉയർത്തും എന്നായിരുന്നു ഇന്ന് മത്സരം ആരഭിച്ചത്. എന്നാൽ രണ്ടാം മിനുട്ടിൽ തന്നെ പിറന്ന ചുവപ്പ് കാർഡ് കളി ആകെ മാറ്റി. മക്ടോമിനയെ ഫൗൾ ചെയ്തതിന് ജാങ്കെവിറ്റ്സ് ആണ് ചുവപ്പ് വാങ്ങിയത്. ഇതോടെ കളി മാഞ്ചസ്റ്റർ യുണൈറ്റഡിന് തീർത്തും അനുകൂലമായി. 18ആം മിനുട്ടിലാണ് ആദ്യ ഗോൾ യുണൈറ്റഡ് സ്കോർ ചെയ്തത്.

ഒരു ഫുൾബാക്കിന്റെ ക്രോസിൽ നിന്ന് മറ്റൊരു ഫുൾബാക്ക് ഗോളടിക്കുന്നതാണ് പതിന്ര്ട്ടാം മിനുട്ടിൽ കണ്ടത്. ലൂക് ഷോയുടെ ക്രോസിൽ നിന്ന് വാൻ ബിസാക ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. പിന്നാലെ 25ആം മിനുട്ടിൽ റാഷ്ഫോർഡ് ലീഡ് ഇരട്ടിയാക്കി. ഗ്രീൻവുഡ് നൽകിയ പാസിൽ നിന്ന് ഫസ്റ്റ് ടച് ഫിനിഷിലൂടെ റാഷ്ഫോർഡ് ഗോൾ നേടുകയായിരുന്നു. 34ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ യുണൈറ്റഡിന് മൂന്നാം ഗോൾ നൽകി.

39ആം മിനുട്ടിൽ മറ്റൊരു ലൂക് ഷോ ക്രോസിന് തലവെച്ചു കൊണ്ട് കവാനി യുണൈറ്റഡ് ലീഡ് നാലാക്കി ഉയർത്തി. രണ്ടാം പകുതിയിൽ കവാനിയെയും ലൂക് ഷോയെയും പിൻവലിച്ചത് ഗോളിന്റെ ഒഴുക്ക് കുറച്ചു. എങ്കിലും ഗോൾ വന്നു. 69ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് മാർഷ്യൽ നെഞ്ചു കൊണ്ട് വരുതിയിലാക്കി മനോഹര ഷോട്ടിലൂടെ വലയിലേക്ക് തുളച്ചു കയറ്റി യുണൈറ്റഡിനെ അഞ്ചു ഗോൾ മുന്നിലെത്തിച്ചു.

71ആം മിനുട്ടിൽ മക്ടോമിനെയുടെ ഒരു ലോങ് റേഞ്ചറിലൂടെ യുണൈറ്റഡ് ആറാം ഗോളും നേടി. 85ആം മിനുട്ടിൽ ഒരു പെനാൾട്ടി യുണൈറ്റഡിന് ഏഴാം ഗോളും നൽകി. പെനാൾട്ടിക്ക് ഒപ്പം ബെഡ്നാർകിന് ചുവപ്പ് കാർഡും നൽകി. ഈ പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് ലക്ഷ്യത്തിലെത്തിച്ചു. 90ആം മിനുട്ടിൽ ബിസാകയുടെ ക്രോസിൽ നിന്ന് മാർഷ്യൽ ഗോളടിച്ചതോടെ സ്കോർ എട്ടായി. പിന്നാലെ ബ്രൂണൊ ഫെർണാണ്ടസ് അസിസ്റ്റിൽ നിന്ന് ജെയിംസ് കൂടെ ഗോൾ നേടിയതോടെ സൗതപ്ടൺ പതനം പൂർത്തിയായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നാമതുള്ള സിറ്റിക്ക് ഒപ്പം 44 പോയിന്റിൽ എത്തി. സിറ്റി പക്ഷെ രണ്ടു മത്സരങ്ങൾ കുറവാണ് കളിച്ചത്.

Previous articleരണ്ട് ചുവപ്പ് കാർഡും വാങ്ങി വോൾവ്സിനു മുന്നിൽ പരാജയം ഏറ്റുവാങ്ങി ആഴ്സണൽ
Next articleക്രിസ്റ്റ്യാനോ റൊണാൾഡോ കരുത്തിൽ ഇന്റർ മിലാനെ യുവന്റസ് വീഴ്ത്തി